കുട്ടിയെ കൊലപ്പെടുത്തിയത് ഹരികുമാർ തന്നെ അറസ്റ്റ് രേഖപ്പെടുത്തി; അമ്മ ശ്രീതുവിനെ തത്കാലം വിട്ടയക്കും
ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയത് അമ്മാവനെന്ന സ്ഥിരീകരണത്തിലേക്ക് പോലീസെത്തി. കുട്ടിയുടെ അമ്മ ശ്രീതുവിന് കൃത്യത്തിൽ പങ്കുണ്ടെന്നും ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ താത്കാലികമായി വിട്ടയക്കനാണ് തീരുമാനമെന്നും നെയ്യാറ്റിൻകര ഡിവൈഎസ്പി ഷാജി പറഞ്ഞു. അമ്മാവൻ ഹരികുമാറാണ് കുട്ടിയെ കിണറ്റിലെറിഞ്ഞതെന്നാണ് നിഗമനം. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തി. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു. ശ്രീതുവിന് പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തുമെന്നും എപ്പോൾ വിളിച്ചാലും സ്റ്റേഷനിലെത്തണമെന്നതടക്കമുള്ള നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കും ശ്രീതുവിനെ വിട്ടയക്കുകയെന്നുമാണ് വിവരം.
ശ്രീതുവിൻ്റെയും ശ്രീജിത്തിൻ്റെയും ഹരികുമാറിൻ്റെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. ശ്രീതുവിൻ്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് സഹോദരൻ ഹരികുമാറുമായുള്ള ചാറ്റുകളിൽ നിന്ന് നിർണായക വിവരം ലഭിച്ചെന്നും റിപ്പോർട്ടുകളുണ്ട്. കുട്ടിയെ കൊലപ്പെടുത്തിയത് ഹരികുമാറാണെന്ന നിഗമനത്തിലെത്തിയെങ്കിലും എന്തിനാണ് ഈ ക്രൂര കൃത്യത്തിലേക്ക് നയിച്ച കാരണമെന്നു വ്യക്തത വന്നിട്ടില്ല സാമ്പത്തിക ബാധ്യതക്ക് പുറമെ മറ്റെന്തൊക്കെയോ കുട്ടിയുടെ കൊലപാതകത്തിന് പിന്നിലുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്.