മിമിക്രി കലാകാരനും നടനുമായ കലാഭവൻ നവാസിൻ്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹം നടപടികൾ പൂർത്തിയാക്കി ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം ഇന്ന് വൈകിട്ട് 4 മണി മുതൽ 5.30 വരെ ആലുവ ടൗൺ ജുമാമസ്‌ജിദിൽ പൊതുദർശനത്തിന് വെയ്ക്കും. ഇന്നലെ രാത്രി 8.45 നാണ് മുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്.

നടനെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലായിരുന്നു ബോധരഹിതനായ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നവാസ് ചോറ്റാനിക്കരയിൽ എത്തിയത് പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനായായിരുന്നു. നടൻ അബൂബക്കറിന്‍റെ മകനാണ് കലാഭവൻ നവാസ്.

സിനിമയിൽ ഒരിടവേളയ്ക്ക് ശേഷം സജീവമാകവെയാണ് നവാസിൻ്റെ വിയോഗം. ഇന്നും നാളെയും ഷൂട്ടിംഗ് ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നടൻ. ചലച്ചിത്രതാരമായിരുന്ന രഹനയാണ് ഭാര്യ. ഇരുവരും 2002-ലാണ് വിവാഹിതരാകുന്നത്. മക്കൾ: നഹറിൻ, റിദ്‌വാൻ, റിഹാൻ. നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറാണ് പിതാവ്. നവാസിൻ്റെ സഹോദരൻ നിയാസ് ബക്കർ(മറിമായം കോയ) ടെലിവിഷൻ, ചലച്ചിത്ര താരമാണ്.

ഗായകൻ, മിമിക്രി കലാകാരൻ, അഭിനേതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു കലാഭവൻ നവാസ്. ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ച മിക്ക വേഷങ്ങളും ശ്രദ്ധേയമായിരുന്നു. കലാഭവനിലൂടെയാണ് പ്രശസ്‌തിയിലേക്കുയർന്നത്. 1995 ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

അമ്മ അമ്മായിയമ്മ, ജൂനിയർ മാൻഡ്രേക്ക്, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദാമാമ, മൈ ഡിയർ കരടി, ചട്ടമ്പിനാട്, കോബ്ര, വൺമാൻ ഷോ, വെട്ടം, എബിസിഡി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാ നാം ഷാജി എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.

Related Posts