പാലക്കാട് ചിറ്റൂരിൽ തേനീച്ചകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കനാലിൽ ചാടിയ കർഷകൻ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. നല്ലേപ്പിള്ളി സ്വദേശി സത്യരാജാണ് കനാലിൽ ചാടി ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചത്. ഭാര്യയായ വിശാലാക്ഷി പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സത്യരാജ് രാവിലെ ഭാര്യയ്ക്കും കൊച്ചുമക്കൾക്കുമൊപ്പം കൃഷിസ്ഥലത്തുനിന്നും മടങ്ങുമ്പോഴാണ് തേനീച്ചകളുടെ ആക്രമണം ഉണ്ടായത്. തേനീച്ചകൾ പിന്തുടർന്ന് കുത്തിയപ്പോൾ സത്യരാജ് രക്ഷപ്പെടാനായി തൊട്ടുടത്ത കനാലിലേക്ക് ചാടുകയായിരുന്നു. വിശാലാക്ഷി മറ്റൊരു വഴിയിലൂടെ കൊച്ചുമക്കളുമായി ഓടി രക്ഷപ്പെട്ടു. ഇതിനിടെ കനാലിൽ ചാടിയ സത്യരാജ് ഒഴുക്കിൽ പെടുകയാണുണ്ടായത്. സ്ഥലത്തെത്തിയ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും നടത്തിയ തെരച്ചിലൊടുവിലാണ് സത്യരാജിൻ്റെ മൃതദേഹം കണ്ടെത്തിയത്.

Related Posts