കർണാടകയിൽ ദളിത് മന്ത്രിമാരുടെ നേത്യത്വത്തിൽ ദളിത് സമ്മേളനം നടത്താൻ ഒരുങ്ങുന്നു. ദളിത് നേതാക്കളായ ആഭ്യന്തരമന്ത്രി ജി. പരമേശ്വര, സാമൂഹിക ക്ഷേമവകുപ്പുമന്ത്രി എച്ച്.സി. മഹാദേവപ്പ, സതീഷ് ജാർക്കിഹോളി, ആർ.ബി. തിമ്മാപുർ എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളനം നടത്തുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ചർച്ചയും നടന്നു. അടുത്ത മുഖ്യമന്ത്രി ദളിത് വിഭാഗത്തിൽനിന്ന് വേണമെന്ന ആവശ്യം ശക്തമായ പശ്ചാത്തലത്തിൽ ഇതിന് കൂടുതൽ കരുത്തുപകരുന്ന നടപടിയാണിത്.ഡി.കെ. ശിവകുമാർ അടുത്ത മുഖ്യമന്ത്രിയാകുന്നത് തടയുന്നതിനാണ് ദളിത് മുഖ്യമന്ത്രിയെന്ന ആവശ്യം സിദ്ധരാമയ്യ പക്ഷം ഉയർത്തുന്നത്.
സമ്മേളനം അടുത്തമാസം ദാവണഗരെയിലോ ചിത്രദുർഗയിലോ നടത്താനാണ് പദ്ധതിയിടുന്നത്. ദളിത് വിഭാഗത്തിൻ്റെ ശക്തിതെളിയിക്കുന്ന വൻ റാലി നടത്താനും ആലോചിക്കുന്നുണ്ട്. പാർട്ടിയുടെ പേരിലല്ലാതെ സമ്മേളനം നടത്താനും ആലോചനയുണ്ട്. കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിൽനിന്ന് അനുമതി വേണ്ടിവന്നാൽ അതിനായി പരിശ്രമിക്കുമെന്ന് മന്ത്രി സതീഷ് ജാർക്കിഹോളി പറഞ്ഞു. കോൺഗ്രസ് സർക്കാർ ദളിതർക്കുവേണ്ടി നടപ്പാക്കിയ പദ്ധതികൾ വിശദീകരിക്കുന്നതും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിയെ പിന്തുണച്ചതിന് നന്ദി അറിയിക്കുന്നതിനുമാണ് സമ്മേളനം നടത്തുന്നതെന്ന് പരമേശ്വര പറഞ്ഞു.