ആദായ നികുതി വകുപ്പിന്‍റെ പരിശോധന നടക്കുന്നതിനിടെ വ്യവസായി സി.ജെ. റോയ് ആത്മഹത്യ ചെയ്‌തതിൽ ആദായനികുതി വകുപ്പ് കൊച്ചി യൂണിറ്റിന് രൂക്ഷവിമർശനം. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡും ചോദ്യം ചെയ്യലും. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ആദായ നികുതി വകുപ്പിനെതിരെ രംഗത്തെത്തി. സി ജെ റോയ് ആദായ നികുതി വകുപ്പിന്‍റെ സമ്മര്‍ദ്ദത്തിന് ഇരയാണ്. ഇത്തരം സമ്മര്‍ദങ്ങളെ അപലപിക്കുന്നു. അധിക്ഷേപത്തിന്‍റെ ഇരയാണ് അദ്ദേഹം.
അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുമെന്നാണ് ഡി.കെ. ശിവകുമാര്‍ മാധ്യമങ്ങളോടു പ്രതികരിച്ചത്. മരണവിവരം പുറത്തു വന്നതിനു പിന്നാലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ജെ. റോയ്‌യുടെ സഹോദരനും കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്‍റെ ലീഗല്‍ അഡ്‌വൈസറും രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലും ആദായ നികുതി ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷവിമർശനമാണ് ഉയരുന്നത്. എന്നാൽ, തങ്ങൾക്കു മരണത്തിൽ പങ്കില്ലെന്നും സമ്മർദം ചെലുത്തിയില്ലെന്നുമാണ് ആദായനികുതി ഉദ്യോഗസ്ഥരുടെ വാദം.