ഡോറിവല്‍ ജൂനിയര്‍ ബ്രസീലിൻ്റി മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് പുറത്ത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ചിരവൈരികളായ അര്‍ജൻ്റിനയോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷൻ്റെ നടപടി. മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജൻ്റിനയോട് 4-1-നായിരുന്നു ബ്രസീല്‍ തോറ്റത്.
ബ്രസീലിയൻ ദേശീയ ടീമിൻ്റെ പരിശീലകൻ ഡോറിവൽ ജൂനിയർ ഇനി ടീമിൻ്റെ ചുമതലയിൽ ഉണ്ടാകില്ലെന്ന് ബ്രസീലിയൻ ഫുട്‌ബോൾ കോൺഫെഡറേഷൻ പ്രഖ്യാപിച്ചു’ സിബിഎഫ് പ്രസ്‌താവനയിൽ പറഞ്ഞു. ഡാറിവൽ ജൂനിയറിനോട് നന്ദി പറഞ്ഞ ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷൻ അദ്ദേഹത്തിൻ്റെ തുടർ കരിയറിൽ വിജയം ആശംസിക്കുകയും ചെയ്‌തു.
പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളുള്ളതെന്നും അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്‌ച ബ്രസിൽ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻ്റ് എഡ്‌നാൾഡോ റോഡ്രിഗസുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് ഡോറിവൽ സ്ഥാനഭ്രഷ്‌ടനാകുന്നത്.
16 മത്സരങ്ങളാണ് ഡോറിവൽ ചുമതലയേറ്റശേഷം ബ്രസീൽ കളിച്ചത്. ഇതിൽ 7 വിജയവും 7 സമനിലകളും നേടി. 2 മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്‌തു. അതേസമയം അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന് ബ്രസീൽ ഇതുവരെ യോഗ്യതനേടിയിട്ടില്ല. പരിക്ക് കാരണം സൂപ്പർ താരം നെയ്‌മറിൻ്റെ സേവനം ഡോറിവലിന് ഉപയോഗപ്പെടുത്താനായിരുന്നില്ല.