ഭാസ്‌കര കാർണവർ വധക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന ഷെറിനെതിരെ സഹതടവുകാരിയെ മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. തിങ്കളാഴ്‌ച കണ്ണൂർ വനിത ജയിലിലാണ് സംഭവം നടന്നത്. കുടിവെള്ളം എടുക്കാൻ പോയ തടവുകാരിയും വിദേശ വനിതയുമായ കെ.എം. ജൂലിയെ ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്നയും ചേർന്ന് മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
ജൂലിയെ ഷെറിൻ പിടിച്ചു തള്ളുകയും ഷബ്ന അസഭ്യം പറയുകയും നെഞ്ചിൽ പിടിച്ചു തള്ളുകയും ചെയ്തെന്നാണ് കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നത്. ഭാസ്‌കര കാരണവർ വധക്കേസിൽ 14 വർഷം തടവുശിക്ഷ പൂർത്തിയായ പ്രതി ഷെറിന് ശിക്ഷാഇളവ് നൽകിയ മന്ത്രിസഭ ശിപാർശ വിവാദത്തിന് വഴിവെച്ചിരുന്നു.
ഒരു മാസം കൊണ്ടാണ് ശിക്ഷ ഇളവിനുള്ള ശിപാർശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തിയത്. അർഹരായ നിരവധി പേരുള്ളപ്പോഴാണ് ഷെറിന് മാത്രമായുള്ള ശിക്ഷായിളവ്. 20 വർഷം ശിക്ഷ അനുഭവിച്ച രോഗികൾ പോലും ജയിലിൽ തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഷെറിനെ പരിഗണിച്ചതാണ് വിവാദത്തിൽ കലാശിച്ചത്.