ബെംഗളൂരുവിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ നിയന്ത്രണം. രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ ബെംഗളൂരുവിൽ ആളുകളെ മടുപ്പിക്കുന്നത് ഇവിടുത്തെ ഗതാഗതക്കുരുക്കാണ്. മഴ തുടങ്ങിയാൽ വെള്ളക്കെട്ടും മറ്റും പതിവായ നഗരത്തിൽ ഗതാഗതം അതീവ ദുഷ്കരമാകും. മെട്രോ റെയിൽ നിർമാണം നടക്കുന്ന പ്രദേശമാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഏറ്റവും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്ന് എച്ച്എഎൽ എയർപോർട്ട് ട്രാഫിക് പോലീസ് സ്റ്റേഷനു കീഴിലുള്ള ദേവരബീസനഹള്ളി ജങ്ഷന്‍. ഇവിടുത്തെ ട്രാഫിക് കടന്നുപോവുകയെന്നത് തലവേദനയായി മാറിയഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ പരിഷ്കരണം ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ.
ദേവരബീസനഹള്ളിയിലെ പതിവ് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഒരാഴ്ചത്തേക്ക് ഏർപ്പെടുത്തിയ പരീക്ഷണം ഇന്നലെ നിലവിൽ വന്നു. സക്ര ഹോസ്പിറ്റൽ റോഡിൽ നിന്ന് ദേവരബീസനഹള്ളി ജംങ്ഷൻ വരെയുള്ള റൂട്ടിൽ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനായി വാഹനങ്ങൾ വഴിതിരിച്ചു വിടുകയാണ് നിലവിൽ. ഈ നിയന്ത്രണം മെയ് 8 വ്യാഴാഴ്ച വരെയാണ് ഏർപ്പെടുത്തിയതെന്ന് ബെംഗളൂരു ട്രാഫിക് അഡ്വൈസറി അറിയിച്ചു.