ഇന്ത്യൻ സംഗീത ലോകത്തെ വാനമ്പാടി ആശാ ഭോസ്ലേയ്ക്ക് (92) രാജ്യം കണ്ണീരോടെ വിടചൊല്ലി. മുംബൈയിലെ ശിവാജി പാർക്ക് ശ്മശാനത്തിൽ ഇന്ന് വൈകുന്നേരം നാല് മണിയോടെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം.ദേശീയ പതാക പുതപ്പിച്ച ഭൗതികശരീരം വിലാപയാത്രയായി ശിവാജി പാർക്കിൽ എത്തിച്ചു.
മഹാരാഷ്ട്ര പോലീസിന്റെ ഗാർഡ് ഓഫ് ഓണറിന് ശേഷം മകൻ ആനന്ദ് ഭോസ്ലേ ചിതയ്ക്ക് തീ കൊളുത്തി. ലോവർ പരേലിലെ ‘കാസ ഗ്രാൻഡെ’ വസതിയിൽ രാവിലെ മുതൽ തന്നെ ആയിരക്കണക്കിന് ആരാധകരും പ്രമുഖരും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, എ.ആർ റഹ്മാൻ, സച്ചിൻ ടെണ്ടുൽക്കർ, അമീർ ഖാൻ, രൺവീർ സിംഗ്, ജാക്കി ഷ്രോഫ് തുടങ്ങി രാഷ്ട്രീയ-സിനിമ-കായിക മേഖലയിലെ പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.