പ്രധാനമന്ത്രി നരേന്ദ്ര മോദി പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിക്ക് സേനകൾക്കു സർവസ്വാതന്ത്ര്യം നൽകി. പാകിസ്ഥാനെതിരേ സ്വീകരിച്ച നയതന്ത്ര നടപടികൾക്കു പിന്നാലെയാണ് സൈനികതിരിച്ചടി വൈകില്ലെന്ന സന്ദേശം പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിലുണ്ടായത്. പാകിസ്ഥാനെതിരേ ഉചിതമായ തിരിച്ചടി നൽകാൻ സേനകൾക്കു പൂർണസ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നു പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു.

രീതി, സമയം, ആക്രമണലക്ഷ്യങ്ങൾ എന്നിവ സേനയ്ക്കു നിശ്ചയിക്കാം. ഇന്ത്യയുടെ സൈനികശേഷിയിലും കരുത്തിലും ക്ഷമതയിലും പൂർണ വിശ്വാസമുണ്ട്. ഭീകരതയെ തച്ചുടയ്ക്കുകയെന്ന ദൃഢനിശ്ചയമാണു രാജ്യഹിതമെന്നു മോദി ആവർത്തിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ദോവൽ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, സംയുക്‌തസേനാ മേധാവി അനിൽ ചൗഹാൻ എന്നിവർക്കൊപ്പം കര, വ്യോമ, നാവിക സേനാ മേധാവിമാരും പ്രധാനമന്ത്രിക്കൊപ്പം യോഗത്തിൽ സംബന്ധിച്ചു.

Related Posts