മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരൻ്റെ തപാൽ വോട്ടുകൾ തിരുത്തിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണം നിലച്ചു. കേസന്വേഷണം തെളിവുകളില്ലാതെ മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്ന് പോലീസ് അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് ആലപ്പുഴ സൗത്ത് പോലീസാണ് ജില്ലാ പോലീസ് മേധാവിക്ക് നൽകിയത്. 1989-ലെ ബാലറ്റ് പേപ്പറുകൾ അടക്കമുള്ള തെരഞ്ഞെടുപ്പ് രേഖകൾ ലഭിക്കാത്തത് പ്രതിസന്ധിയാണ്.

പ്രാഥമിക തെളിവുകൾ പോലും ഇല്ലാത്ത സാഹചര്യത്തിൽ അന്വേഷണം തുടരാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സിപിഎം സ്ഥാനാർഥിക്ക് വേണ്ടി 1989 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നായിരുന്നു ജി.സുധാകരൻ്റെ വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിൻ്റെ പേരിൽ കേസെടുത്താൽ പ്രശ്‌നമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. ആലപ്പുഴയിൽ എൻജിഒ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ വച്ചായിരുന്നു പരാമർശം.

വിവാദ പ്രസംഗത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശപ്രകാരം പോലീസ് കേസെടുത്തു. തപാൽ ബാലറ്റ് പേപ്പറുകൾ ആവശ്യപ്പെട്ട് അന്നത്തെ ജില്ലാ കളക്ടർക്ക് പോലീസ് കത്ത് നൽകിയെങ്കിലും ഇത് ലഭ്യമല്ലെന്ന് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ഇതോടെയാണ് അന്വേഷണം തുടരാനാവില്ലെന്ന് പോലീസ് റിപ്പോർട്ട് നൽകിയത്.

Related Posts