മെഡിക്കൽ റെപ്രസെൻ്ററ്റീവുമാർ സർക്കാർ ആശുപത്രികളിൽച്ചെന്ന് ഡോക്ട‌ർമാരെ കാണുന്നത് വിലക്കി കേന്ദ്രസർക്കാർ. കേന്ദ്രസർക്കാർ ആശുപത്രികളുടെ തലവന്മാർക്ക് ഈ ഉത്തരവ് കൈമാറിയത് ഡയറക്‌ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് സ്മിത ശർമ്മയാണ്. ഫാർമസി കമ്പനികളും ഡോക്‌ടർമാരും തമ്മിലുള്ള അവിശുദ്ധ ബന്ധം തടയുന്നതിൻ്റെ ഭാഗമായാണ് കേന്ദ്രസർക്കാരിൻ്റെ ഈ നടപടി.

ആശുപത്രി മേധാവികൾ എല്ലാ ജീവനക്കാർക്കും ഈ നിർദേശം നടപ്പാക്കുന്നതിനുള്ള നിർദേശം നൽകണമെന്നും ഡയറക്‌ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് നിർദേശിച്ചിട്ടുണ്ട്. ഡയറക്ട‌ർ ജനറൽ ഓഫ് ഹെൽത്ത് സർവീസസിനെ നിർദേശം നടപ്പാക്കുന്നതിന് എടുത്ത നടപടികൾ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്. സാമ്പിൾ മരുന്നുകൾ, ഉപഹാരങ്ങൾ തുടങ്ങിയവ നൽകി മെഡിക്കൽ റെപ്രസെൻ്റേറ്റീവുമാർ ഡോക്‌ടർമാരെ സ്വാധീനിക്കുന്നത് തടയുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.

മെഡിക്കൽ റെപ്രസെൻ്റേറ്റീവുമാർ രോഗികളെ ചികിത്സിക്കുന്ന സമയം അപഹരിക്കുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതും കേന്ദ്രസർക്കാരിൻ്റെ പുതിയ തീരുമാനത്തിന് കാരണമായതായാണ് സൂചന. പരിശോധന, ചികത്സ തുടങ്ങിയവയുമായി ബന്ധപ്പെട്ട പുതിയ പുരോഗതികൾ ഇ-മെയിൽ ഉൾപ്പടെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ മാത്രമേ മെഡിക്കൽ റെപ്രസെൻ്ററ്റീവുമാർ സർക്കാർ ഡോക്‌ടർമാരെ അറിയിക്കാവൂ. ഇത് കൂടുതൽ സുതാര്യത ഉറപ്പു വരുത്തുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ.

Related Posts