സർക്കാർ നഴ്‌സിങ് കോളജും മോർച്ചറിയും മൈസൂർ മെറ്റഗള്ളിയിലെ ജില്ല ആശുപത്രി പരിസരത്ത് സ്ഥാപിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. മൈസൂർ ജില്ല ആശുപത്രി പരിസരത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ ഡേ കെയർ കീമോതെറപ്പി സെൻ്റർ ഉദ്ഘാടനം ചെയ്ത ശേഷം ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
ജില്ല ആശുപത്രിയിൽ നഴ്‌സിങ് കോളജും മോർച്ചറിയും ആരംഭിക്കേണ്ടതിൻ്റെ ആവശ്യകത യോഗത്തിൽ ജില്ല സർജൻ ഡോ. ടി. അമർനാഥ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. മെഡിക്കോ ലീഗൽ കേസുകൾ പ്രകാരം ചികിത്സിക്കുന്ന കേസുകളുടെ കാര്യത്തിൽ, പോസ്റ്റ്മോർട്ടവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതുവരെ മൃതദേഹം കോൾഡ് സ്റ്റോറേജിൽ സൂക്ഷിക്കാൻ മൈസൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിനോട് ചേർന്നുള്ള നിലവിലുള്ള മോർച്ചറിയിൽ സമ്മർദം ചെലുത്തേണ്ട സാഹചര്യമാണെന്ന് അദ്ദേഹം അറിയിച്ചു.
പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ ഇത് കാലതാമസം വരുത്തുകയും ചെയ്യുന്നുണ്ട്. ജില്ല ആശുപത്രിയിൽ മതിയായ ജീവനക്കാരുടെ അഭാവം മൂലം രോഗികൾക്ക് മികച്ച സേവനം നൽകാൻ കഴിയുന്നില്ലെന്ന് ജില്ല ആരോഗ്യ കുടുംബക്ഷേമ ഓഫിസർ ഡോ. പി. സി. കുമാരസ്വാമി പറഞ്ഞു. വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) 2 നിർദേശങ്ങൾക്കും സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചു.