എൽ.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ വൈകുന്നതിനെ ചൊല്ലി യുവ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ പ്രമുഖ നേതാക്കൾ സി.പി.എമ്മിനെതിരെ പരിഹാസവുമായി രംഗത്തുവന്നിരുന്നു. ‘പ്രമുഖ പാർട്ടി സിറ്റിങ് സീറ്റിലേക്ക് സ്ഥാനാർഥിയെ അന്വേഷിക്കുന്നു’ എന്ന കളിയാക്കലിൽ തുടങ്ങി എം. സ്വരാജിനെ മത്സരിപ്പിക്കാൻ ധൈര്യമുണ്ടോ എന്നുൾപ്പെടെയുള്ള പരിഹാസ പോസ്റ്റുകളാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്.
യു.ഡി.എഫ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തി പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. എം.സ്വരാജിനെ അപ്രതീക്ഷിതമായി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് വെല്ലുവിളിച്ചവരെ ഞെട്ടിച്ചിരിക്കുകയാണ് സി.പി.എം.
സിറ്റിങ് സീറ്റിൽ ജയിക്കും എന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പുരുകാരനും നിലമ്പൂരിൻ്റെ ചുമതലക്കാരനുമായ എം.സ്വരാജിനെ മത്സരിപ്പിക്കാൻ പാർട്ടി തയ്യാറാവുകയും അദ്ദേഹം അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യുമല്ലോയെന്നുമായിരുന്നു രാഹുൽ ഫേസ്‌ബുക് കുറിപ്പിൽ പറഞ്ഞത്.
‘സഖാവ്’ കുഞ്ഞാലിയുടെ മണ്ണാണ് സഖാവ് കുഞ്ഞാലിയുടെ മണ്ണാണ്’ എന്ന് ആണയിട്ട് പറയുന്നന്നതിന് പകരം ആ മണ്ണിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ ധൈര്യമുണ്ടോ എന്ന പരിഹാസത്തിന് അതേ നാണയത്തിലാണ് സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ സി.പി.എം മറുപടി നൽകിയത്.
നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്വരാജിൻ്റെ സ്ഥാനാർഥി പ്രഖ്യാപനത്തോടെ ചൂടേറുകയാണ്. രണ്ടാം പിണറായി സർക്കാർ നാലാം വാർഷികത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് സർക്കാറിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. കരുത്തനായ നേതാവിനെ തന്നെ സ്ഥാനാർഥിയായി അവതരിപ്പിക്കുന്നതിലൂടെ ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വ്യക്തമാക്കുകയാണ് സി.പി.എം.
നിലമ്പൂരിൽ 58 വർഷത്തിനു ശേഷമാണ് സി.പി.എം ചിഹ്നത്തിൽ ഒരു സ്ഥാനാർഥി മത്സരിക്കുന്നത്. തൃപ്പൂണിത്തുറ മുൻ എം.എൽ.എയായ സ്വരാജ് സ്വന്തം നാട്ടിൽ മത്സരത്തിന് ഇറങ്ങുന്നതും ആദ്യമായാണ്. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ്, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിൻ്റ് സെക്രട്ടറി എന്നീ പദവികൾ സ്വരാജ് വഹിച്ചിട്ടുണ്ട്.