പാകിസ്‌താൻ ഇന്ത്യയുടെ സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ടുവെന്ന് കേന്ദ്രസർക്കാർ. ഇന്ത്യൻ സേനകളും വിദേശകാര്യമന്ത്രാലയവും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വിങ് കമാൻഡർ വ്യോമിങ് സിങ്ങും കേണൽ സോഫിയ ഖുറേഷിയുമാണ് വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചത്.
പാകിസ്‌താൻ വടക്കൻ മേഖലയിൽ 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ടു. യഥാർഥ നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും നിരവധി തവണ പാകിസ്‌താൻ പ്രകോപനമുണ്ടായി. ഇന്ത്യ ഇതിന് ശക്തമായ മറുപടി നൽകി. നാനൂറോളം ഡ്രോണുകളാണ് ഇന്ത്യ തകർത്തത് പാകിസ്താൻ ആക്രമണത്തിന് തുർക്കി ഡ്രോണുകൾ ഉപയോഗിച്ചുവെന്നും വാർത്താസമ്മേളനത്തിൽ സോഫിയ ഖുറേഷിയും വ്യോമിക സിങ്ങും വ്യക്തമാക്കി.
യാത്ര വിമാനങ്ങളെ പാകിസ്‌താൻ ആക്രമണത്തിന് കവചമാക്കി മാറ്റി. പാകിസ്‌താൻ തുടർച്ചയായി കള്ളംപറയുകയാണ്. പാകിസ്‌താൻ സേനക്കും ഇന്ത്യയുടെ ആക്രമണത്തിൽ കനത്ത നാശമുണ്ടായി. പാകിസ്‌താൻ്റെ റഡാർ സംവിധാനം തകർത്തു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിൻ്റെ ശക്തി വെളിപ്പെട്ടുവെന്നും വാർത്തസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് വർഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് പാകിസ്‌താൻ്റെ ശ്രമമെന്നും വാർത്തസമ്മേളനത്തിൽ ഇന്ത്യ ആരോപിച്ചു. പാകിസ്‌താൻ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം നിഷേധിക്കുന്നത് പരിഹാസ്യമാണെന്നും വാർത്താസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേർത്തു.