പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്ക്കും സോണിയാ ഗാന്ധിക്കും നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നോട്ടീസ്. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് നോട്ടീസ് അയച്ചത്. മേയ് 8 ന് കേസ് വീണ്ടും പരിഗണിക്കും. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഏപ്രില്‍ 15 ന് സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കുമെതിരേ ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിൻ്റെ ആയിരക്കണക്കിന് കോടി രൂപ വിലമതിക്കുന്ന ഭൂമി സ്വന്തമാക്കിയെന്നും അതിനായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫണ്ട് ദുര്‍വിനിയോഗം ചെയ്തെന്നും ആരോപിച്ച് സോണിയാഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിക്കും എതിരേ ബിജെപി മുന്‍ എംപി സുബ്രഹ്‌മണ്യന്‍ സ്വാമി ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ് വിഷയം ശ്രദ്ധനേടിയത്.
രാഹുല്‍ ഗാന്ധി ഡയറക്ടറായിരുന്ന യങ് ഇന്ത്യ ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനം വഴിയാണ് എജെഎല്‍ എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയെ ഇരുവരും സ്വന്തമാക്കിയതെന്നാണ് ആരോപണം. മദ്രാസ്, അലഹബാദ് ഹൈക്കോടതികളിലെ മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു, മുന്‍ നിയമമന്ത്രി ശാന്തി ഭൂഷണ്‍ എന്നിവരുള്‍പ്പെടെ എജെഎല്ലിൻ്റെ പല ഓഹരിയുടമകളും വിഷയത്തില്‍ സോണിയയ്ക്കും രാഹുലിനും എതിരായാണ് മൊഴി നല്‍കിയതായാണ് റിപോര്‍ട്ട്. കേസില്‍ ഇഡി അന്വേഷണം ആരംഭിക്കുന്നത് 2014 ലാണ്.