മംഗളൂരുവിൽ മലയാളി യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ, സംഭവത്തിന് ശേഷം ഒളിവിൽ പോയ കെ.അനിൽ എന്നയാളെ ഗോകക്കിൽ നിന്നാണ് പിടികൂടിയത്. കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.സംഭവ സ്ഥലത്തുണ്ടായിരുന്ന 15 ഓളം വ്യക്തികൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.
മലപ്പുറം വേങ്ങരയിൽ നിന്ന് വയനാട്ടിലേക്ക് കുടിയേറിയ പുൽപ്പള്ളി സാന്ദീപനി കുന്നിലെ മുച്ചിക്കാടൻ കുഞ്ഞായിയുടെ മകൻ അഷ്റഫ്(36) ആണ് മരിച്ചത്.
കർണാടകയിലെ മംഗളൂരുവിൽ കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്‌ച പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കുമ്പോഴാണ് പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം അഷ്റഫിനെ മർദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ കൃത്യവിലോപം കാണിച്ചതെന്ന് ചൂണ്ടിക്കാട്ടി മൂന്ന് പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.