തിങ്കളാഴ്ച അർധരാത്രി മുതൽ നടത്തിവന്ന അനിശ്ചിതകാല ലോറി സമരം പിൻവലിച്ചു. ഡീസൽ വില വർധിപ്പിച്ചത് പിൻവലിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കർണാടകയിൽ ട്രക്കുടമകൾ തിങ്കളാഴ്ച അർധരാത്രി മുതൽ നടത്തിവന്ന അനിശ്ചിതകാല ലോറി സമരം പിൻവലിച്ചു. കർണാടക സ്റ്റേറ്റ് ലോറി ഓണേഴ്സ് ആൻഡ് ഏജന്റ്സ് അസോസിയേഷൻ ഫെഡറേഷൻ (എ ഫ്.ഒ.കെ.എസ്.എൽ.ഒ.എ.എ) ഭാരവാഹികൾ വ്യാഴാഴ്ച ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.
ട്രക്കുടമകൾ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. അതേസമയം, പ്രധാന ആവശ്യങ്ങളായ വർദ്ധിപ്പിച്ച ഡീസൽ വില കുറക്കുക, സംസ്ഥാന പാതകളിലെ ടോൾപ്ലാസകൾ നീക്കുക തുടങ്ങിയ ആവശ്യങ്ങളിൽ തീരുമാനമായിട്ടില്ല. ബെംഗളൂരു നഗരത്തിൽ പകൽ സമയങ്ങളിൽ ലോറികൾക്ക് പ്രവേശനം നിഷേധിക്കുന്നത് പിൻവലിക്കണമെന്ന ആവശ്യത്തിൽ സിറ്റി പൊലീസ് കമ്മീഷണറുമായി സംസാരിക്കുമെന്ന് മന്ത്രി അറിയിച്ചു.