നീലഗിരി ജില്ലയിൽ പ്ലാസ്റ്റിക് പരിശോധനയുടെ പേരിൽ കടകളിൽ കയറി അധിക്യതർ നടത്തുന്ന പരിശോധന നിർത്തലാക്കുക, ഇ-പാസ് ഏർപ്പെടുത്തിയത് പിൻവലിക്കുക തുടങ്ങി 11 ഇന ആവശ്യങ്ങൾ ഉന്നയിച്ച് ഏപ്രിൽ 2 ബുധനാഴ്ച 24 മണിക്കൂർ ഹർത്താൽ നടത്തുമെന്ന് നീലഗിരി ജില്ല വ്യാപാരി സംഘം അറിയിച്ചു. ബുധനാഴ്‌ച രാവിലെ ആറുമണി മുതൽ തുടങ്ങി വ്യാഴാഴ്‌ച രാവിലെ ആറ് വരെയാണ് കടയടപ്പും പണിമുടക്കും നടത്തുന്നത്.
റിസോട്ട്, ലോഡ്‌ജ്, ഹോട്ടൽ, ബേക്കറി, മറ്റ് റെസ്റ്റാറന്റുകൾ, ടാക്‌സി എന്നിവ ഉണ്ടായിരിക്കില്ല. നീലഗിരിയിലേക്കുള്ള വരവ് ടൂറിസ്റ്റുകൾ മാറ്റിവെക്കണമെന്ന് വ്യാപാരി സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിനോദ സഞ്ചാരികളുടെ വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ വരുന്നത് ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയാണ്. ദിവസേന 6,000 വാഹനങ്ങൾക്കും ശനി, ഞായറുകളിൽ 8,000 വാഹനങ്ങൾക്കും മാത്രമാണ് നീലഗിരി ജില്ലയിലേക്ക് അനുമതിയുള്ളത്. നീലഗിരി ജില്ലയിലെ വാഹനങ്ങൾക്ക് നിയന്ത്രണങ്ങളില്ല.
നീലഗിരി ജില്ലയിൽ സീസൺ സമയത്തെ വാഹനത്തിരക്ക് നിയന്ത്രിക്കാനുള്ള ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചാണ് മാറ്റങ്ങൾ വരുന്നത്. 4,000 വാഹനങ്ങൾക്ക് നഗരസഭയായ കൊടൈക്കനാലിലേക്ക് ദിവസേന അനുമതി നൽകുമ്പോൾ 6 താലൂക്കുകളും 4 നഗരസഭകളും ഉള്ള നീലഗിരിയിലേക്ക് 6,000 വാഹനങ്ങൾക്ക് മാത്രം ദിവസേന പ്രവേശനം അനുവദിക്കുന്നതിൻ്റെ ഔചിത്യവും ഇവർ ചോദ്യം ചെയ്യുകയാണ്. വിനോദസഞ്ചാരമേഖലയെ നിയന്ത്രണങ്ങൾ തളർത്തുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഏപ്രിൽ, മേയ് മാസങ്ങളിലെ സീസൺ തിരക്കിനെ മാത്രം ആശ്രയിച്ച് കഴിയുന്ന കോട്ടേജുകളും റിസോട്ടുകളും ഏറെയാണ്.