ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കടൽത്തീര ഖനനം അനുവദിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഗുജറാത്ത്, കേരളം, ആൻഡമാൻ നിക്കോബാർ തുടങ്ങിയ സംസ്ഥാങ്ങളിലെ തീരദേശത്ത് ഖനനം നടത്താനുള്ള ടെൻഡറുകൾ റദ്ദ് ചെയ്യണമെന്നാവിശ്യപെട്ടാണ് കത്ത് അയച്ചത്. കടൽഖനനത്തിൻ്റെ പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ ആഘാതം വിലയിരുത്തുന്നതിന് കർശനമായ ശാസ്ത്രീയ പഠനങ്ങൾ നടത്തണമെന്ന് രാഹുൽ ഗാന്ധി സൂചിപ്പിച്ചു.
‘ഏതൊരു പ്രധാന തീരുമാനം എടുക്കുന്നതിന് മുമ്പും കൂടിയാലോചനകൾ നല്ലതാണ്. പ്രത്യേകിച്ച് തീരദേശവുമായി ബന്ധപ്പെട്ട കാര്യമായതുകൊണ്ട് മത്സ്യതൊഴിലാളികളുമായി കൂടിയാലോചിക്കണം. അവരുടെ ജീവിതം സമുദ്രങ്ങളുടെ വിധിയുമായി ഇഴചേർന്നിരിക്കുന്നു. എല്ലാവർക്കും സുരക്ഷിതവും സുസ്ഥിരവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായി നമുക്ക് കൂട്ടായി പ്രവർത്തിക്കാം’ എന്ന് രാഹുൽ കത്തിൽ പറയുന്നു. കടൽ ഖനന ടെണ്ടറുകൾക്കെതിരെയുള്ള പ്രതിഷേധങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. സർക്കാർ ദശലക്ഷ കണക്കിന് മത്സ്യ തൊഴിലാളികളുടെ ഉപജീവന മാർഗമാണ് നശിപ്പിക്കാൻ ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
തീരദേശ മേഖലകളിൽ 2023ലെ ഓഫ്ഷോർ ഏരിയാസ് മിനറൽ (ഡെവലപ്മെൻ്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി നിയമ പ്രകാരം ശക്തമായ എതിർപ്പുകളാണ് നടക്കുന്നത്. ഈ പ്രതിഷേധങ്ങളെ വിലയിരുത്താതെ സ്വകാര്യ കമ്പനികൾക്ക് ഖനനത്തിന് അനുമതി നൽകുന്നത് ആശങ്കാജനകമാണ്. മത്സ്യസമ്പത്തിൻ്റെ ശോഷണം, സമുദ്രജീവികൾക്കുള്ള ഭീഷണി, പവിഴപ്പുറ്റുകളുടെ നാശം എന്നിവ ഉൾപ്പെടെയുള്ള പ്രതികൂല പ്രത്യാഘാതങ്ങൾ നേരത്തെ തന്നെ സർക്കാർ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.