വിവാദ കൊടുങ്കാറ്റിനെ തുടർന്ന് എഡിറ്റിങ്ങിനുശേഷം എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയറ്ററുകളിൽ എത്തും. റീ എഡിറ്റ് ചെയ്ത ചിത്രത്തിൻ്റെ പ്രദർശനം വൈകിട്ടോ ചൊവ്വാഴ്ച രാവിലേയോ ആണ് ഉണ്ടാവുക. റീ എഡിറ്റ് ചെയ്ത പതിപ്പ് തിയറ്ററുകളിലെത്തിക്കണമെന്ന് കേന്ദ്ര സെൻർ ബോർഡ് നിർദേശം നൽകിയിരുന്നു. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്.

ചിത്രത്തിലെ ബജ്റംഗിയെന്ന വില്ലൻ്റെ പേരും മാറ്റിയേക്കുമെന്ന് സൂചനയുണ്ട്. സംഘപരിവാർ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ ചിത്രത്തിലെ നായകനായ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചിരുന്നു. പ്രിയപ്പെട്ടവരെ വേദനിപ്പിച്ച വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ചു കഴിഞ്ഞുവെന്നും മോഹൻലാൽ വ്യക്തമാക്കി.

നിർമാതാവ് ആൻ്റണി പെരുമ്പാവൂരും, സംവിധായകൻ പൃഥ്വിരാജും ഈ പോസ്റ്റ് റീ ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ കഥയൊരുക്കിയ മുരളി ഗോപി വിവാദങ്ങളിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാദ ഭാഗങ്ങൾ ഒഴിവാക്കുമെന്ന് വാർത്തകൾ വന്നതോടെ സിനിമ കാണാൻ തിയറ്ററുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഒരുദിവസം കൊണ്ട് രണ്ടുലക്ഷം ടിക്കറ്റുകൾ വിറ്റതായി നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. നാലുഭാഷകളിലായി നാലായിരം തീയേറ്ററുകളിലാണ് എമ്പുരാന്‍ നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത്.

Related Posts