പത്തനംതിട്ട തിരുവല്ലയില്‍ പത്തുവയസുകാരനായ മകൻ്റെ ശരീരത്തില്‍ എംഡിഎംഎ ചെറു കവറുകളിലാക്കി ഒട്ടിച്ചശേഷം വില്‍പനയ്‌ക്ക് ഉപയോഗിച്ച പിതാവായ മുഹമ്മദ് ഷെമീറിനെതിരെ കേസ് കൂടി രജിസ്റ്റര്‍ചെയ്തു. കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബാലനീതി നിയമപ്രകാരം കേസ് എടുത്തത്.
പത്തുവയസ്സുകാരനെ ഉപയോഗിച്ച് കുറ്റകൃത്യം നടത്തിയെന്ന പരാതിയിലാണ് കുട്ടിയുടെ അമ്മയുടെ മൊഴി അനുസരിച്ച് തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ശനിയാഴ്ച രാത്രിയാണ് അമ്മയുടെ മൊഴി രേഖപ്പെടുത്തിയത്. കുട്ടിയുടെ അമ്മയും പ്രതിയും ദീര്‍ഘകാലമായി അകന്നുകഴിയുകയാണ്. മുഹമ്മദ് ഷെമീർ കഴിഞ്ഞ ആറു മാസമായി ജില്ലാ ഡാൻസാഫ് ടീമിൻ്റെയും തിരുവല്ല പോലീസിൻ്റെയും നിരീക്ഷണത്തിലായിരുന്നു.
തിരുവല്ലയിലെ പ്രഫഷണൽ കോളേജ് വിദ്യാർത്ഥികൾക്ക് അരികിലേക്ക് മയക്കുമരുന്ന് പ്ലാസ്റ്റിക് കവറിലാക്കി മകൻ്റെ ശരീരത്തില്‍ സെല്ലോടേപ്പുവെച്ച് ഒട്ടിച്ച് എത്തിച്ച് വിൽക്കുകയായിരുന്നു ഇയാളുടെ രീതി. കുട്ടിയുമായി കാറിലോ ബൈക്കിലോ വില്‍പ്പനയ്‌ക്കു പോവുകയായിരുന്നു പ്രതിയുടെ പതിവ്. പിതാവ് എന്തോ ഒരു വസ്തു ശരീരത്തില്‍ ഒട്ടിച്ചുവെക്കുന്നു, പിന്നീട് എടുത്തുമാറ്റുന്നു എന്നു മാത്രമാണ് കുട്ടി മനസ്സിലാക്കിയിരുന്നത്.