പൊതുജനങ്ങൾക്ക് തിരിച്ചടിയായി വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വീണ്ടും വർദ്ധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 6 രൂപ കൂടി. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി ഉയർന്നു. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റം ഇല്ല.

രാജ്യത്ത് മറ്റ് പ്രധാന നഗരങ്ങളിലും വാണിജ്യ സിലിണ്ടർ വിലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ചെന്നൈയിൽ 5 രൂപ 50 പൈസ കൂടി വില 1965 ആയി ഉയർന്നു. ഡൽഹിയിൽ 1797 രൂപയായിരുന്നത് 1803 രൂപയായി ഉയർന്നു. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിച്ചതിന് മുന്നോടിയായി രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില കുറഞ്ഞിരുന്നു.

19 കിലോഗ്രാം സിലിണ്ടറിൻ്റെ വിലയിൽ 7 രൂപയുടെ കുറവാണ് ഉണ്ടായത്. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിൻ്റെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല കൊച്ചിയിൽ ആറ് രൂപ കുറഞ്ഞ് 1806 രൂപയായി. ഡൽഹിയിൽ വില 1804 രൂപയിൽ നിന്ന് 1797 രൂപയായി കുറഞ്ഞു. ചെന്നൈയിൽ 1966 രൂപയുണ്ടായിരുന്നത് 1959 രൂപയായി.

പാചക വാതക വിലകൾ എല്ലാ മാസവും ഒന്നാം തീയതിയും 15-ാം തീയതിയുമാണ് പരിഷ്‌കരിക്കാറുള്ളത്. അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങൾ, നികുതി മാനദണ്ഡങ്ങൾ, സപ്ലൈ ഡിമാൻഡ് ഘടകങ്ങൾ എന്നിവ കണക്കിലെടുത്താണ് എണ്ണ വിപണന കമ്പനികൾ എല്ലാ മാസവും വില പരിഷ്കരിക്കാറുള്ളത്.

Related Posts