അനുമതിയില്ലാതെ പാതയോരത്ത് ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും സ്ഥിരമായോ താൽക്കാലികമായോ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് ഹൈക്കോടതി വിലക്കി.
നിലവിൽ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള എല്ലാ കൊടിമരങ്ങളും നീക്കം ചെയ്യുന്നതിനുള്ള സർക്കാറിൻ്റെ നയത്തിന് ആറ് മാസത്തിനകം രൂപം നൽകണമെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. കൊടിമരങ്ങളില്ലാത്ത ജംഗ്ഷനുകൾ കേരളത്തിൽ കുറവാണ്.
രാഷ്ട്രീയ പാർട്ടികളുടേയും യുവജനസംഘടനകളുടേയും കൊടിമരങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുവരികയും ചെയ്യുന്നു. ഈ കൊടിമരങ്ങൾ വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനു പുറമേ അപകടങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്. എന്തായാലും കൊടിമരങ്ങളുടെ ഈ അനിയന്ത്രിത വളർച്ചയ്ക്ക് തടയിടാൻ ഹൈക്കോടതി തീരുമാനിച്ചിരിക്കുന്നു.
കോടതി ഉത്തരവ് നടപ്പാക്കാൻ നിർദ്ദേശിച്ച തദ്ദേശ സ്വയംഭരണ സെക്രട്ടറി എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കുലർ നൽകണമെന്നും ഉത്തരവിൽ പറയുന്നു. നടപടികളിലെ പുരോഗതി സംബന്ധിച്ച് തദ്ദേശ സെക്രട്ടറി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണെമന്നും കോടതി നിർദ്ദേശിച്ചു.