പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫോണിൽ ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യവുമാണ് 40 മിനിട്ട് നീണ്ട സംഭാഷണത്തിൽ ചർച്ചയായത്. ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകൾക്ക് ട്രംപ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ആഗോള വ്യാപാരത്തിൻ്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായും തുറന്ന് നൽകേണ്ടതിൻ്റെ പ്രാധാന്യം ഇരുനേതാക്കളും ചർച്ച ചെയ്തു.
“എൻ്റെ സുഹൃത്ത് പ്രസിഡണ്ട് ഡോണൾഡ് ട്രംപിൽ നിന്ന് ഒരു കോൾ ലഭിച്ചു. വിവിധ മേഖലകളിലെ നമ്മുടെ ഉഭയകക്ഷി സഹകരണത്തിൽ കൈവരിച്ച പുരോഗതി ഞങ്ങൾ വിലയിരുത്തി. സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പശ്ചിമേഷ്യയിലെ സാഹചര്യം ഞങ്ങൾ ചർച്ച ചെയ്യുകയും ഹോർമുസ് കടലിടുക്ക് തുറന്നതും സുരക്ഷിതവുമായി നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.” സംഭാഷണത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.