ഈബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, ഫേസ് ബുക്ക് എന്നിവയിലേക്ക് വായനാ വ്യതിയാനമുണ്ടായിട്ടുണ്ടെങ്കിലും, സാക്ഷരതയുടെവർദ്ധനവും സൗന്ദര്യബോധ വികസനവും മൂലം ദിനം പ്രതി പുസ്തകങ്ങൾ ഇറങ്ങുന്നുണ്ട്. കൂടുതൽ ആളുകൾഎഴുത്തിലേക്കും വായനയിലേക്കും കടന്നുവരുന്നുമുണ്ട്. അതിനാൽ പുസ്തകവും വായനയും മരിക്കുന്നു എന്ന അഭിപ്രായം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും എഴുത്തുകാരൻ കെ.ആർ.കിഷോർ അഭിപ്രായപ്പെട്ടു.
സുവർണ്ണ കർണ്ണാടക കേരള സമാജം നേതൃത്വത്തിൽ നടത്തിയ സുവർണ്ണ തൂലിക 2026 എന്ന പരിപാടിയിൽ ജഗദ കല്യാണിയുടെ “ഹൃദയപൂർവം” എന്ന പ്രഥമ കവിതാ സമാഹാരത്തിൻ്റെ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള കവിതക്കും കേരളീയ സംസ്കാരത്തേയും പുതുക്കിപ്പണിത നവോത്ഥാന നായകനായ മഹാകവി കുമാരനാശാൻ അനുസ്മരണയോടെ തുടങ്ങിയ യോഗം സന്തോഷ് തൈക്കാട്ടിൽ ഉൽഘാടനം ചെയ്തു. പൊന്നമ്മ ദാസ് സ്വാഗതം ആശംസിച്ച യോഗത്തിൽ ശാന്തകുമാർ ഇലപ്പുള്ളി അധ്യക്ഷനായി. രമ പ്രസന്ന പിഷാരടി പുസ്തകം ഏറ്റുവാങ്ങി. സുദേവൻ പുത്തൻചിറ പുസ്തകം പരിചയപ്പെടുത്തി. സൗദ റഹ്മാൻ, സ്മിത വത്സല, അജീഷ് പുഞ്ചൻ, ശിഹാബ്, രഞ്ജിനി രാജ്, മഞ്ജുഷ എന്നിവർ കവിതാലാപനവും സിന കെ എസ്, രതി സുരേഷ്, ഗീത നാരായണൻ, ലത നമ്പൂതിരി, അപർണ്ണ പി ആർ എന്നിവർ കവിതാസ്വാദനവും നടത്തി. തുടർന്ന് ഇന്ദിരാബാലൻ, എസ് കെ നായർ, അനിത പ്രേംകുമാർ, അനീസ് സി സി ഒ എന്നിവർ ആശംസകളും, അർച്ചന സുനിൽ നന്ദിയും ജഗദ കല്യാണി മറുമൊഴിയും പറഞ്ഞു.