അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ജീവനൊടുക്കിയ BDS വിദ്യാർഥി നിതിൻ രാജിൻ്റെ ശബ്ദസന്ദേശം പുറത്ത്. താൻ വിഡ്ഢിയാണെന്ന് അധ്യാപകൻ പറഞ്ഞതായും സ്റ്റാഫ് റൂം കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലമാണെന്നും നിതിൻ രാജ് ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. അധ്യാപകർ സഹപാഠികൾക്കിടയിൽ വച്ച് നിരന്തരം അപമാനിച്ചുവെന്നും താൻ അങ്ങേയറ്റം ക്ഷമിച്ചെന്നും നിതിൻ സഹപാഠികളോട് പറയുന്നതും ശബ്ദരേഖയിൽ പറയുന്നു. കൂടാതെ അധ്യാപകർ വീട്ടുകാരെ കളിയാക്കി സംസാരിച്ചുവെന്നും നിതിൻ ശബ്ദരേഖയിൽ പറയുന്നുണ്ട്. സഹിക്കാവുന്നതിൻ്റെ അങ്ങേയറ്റം താൻ സഹിച്ചുവെന്നും നിതിൻ പറയുന്നുണ്ട്. ഇന്ന് ഉച്ചയോടെ നിതിൻ രാജിൻ്റെ സംസ്കാരം തിരുവനന്തപുരം ആര്യനാട്ടെ വീട്ടുവളപ്പിൽ വച്ച് നടക്കും. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൻ്റെ അഞ്ചാം നിലയിൽ നിന്നും ചാടി നിതിൻ രാജ് ജീവനൊടുക്കിയത്.

നിറത്തിൻ്റെ പേരിൽ കടുത്ത അധിക്ഷേപമാണ് നിതിൻ രാജ് നേരിട്ടതെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ വകുപ്പ് മേധാവിക്ക് എതിരെ ഗുരുതര ആരോപണവുമായി വിദ്യാർഥിയുടെ കുടുംബം രം​ഗത്തെത്തിയിരുന്നു. സംഭവത്തിൽ ആരോപണ വിധേയരായ രണ്ട് അധ്യാപകർക്ക് കഴിഞ്ഞ ദിവസം സസ്പെൻഷൻ നൽകിയിരുന്നു. അനാട്ടമി വിഭാഗം മേധാവി ഡോക്ടർ എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സംഗീത എന്നിവർക്കാണ് സസ്പെൻഷൻ. അന്വേഷണ സമിതിയേയും രൂപീകരിച്ചു.

Related Posts