കവടിയാര്‍ കൊട്ടാരത്തിലെ മോഷണത്തിന് കൊട്ടാരത്തിനകത്തു നിന്ന് സഹായം ലഭിച്ചതായി പോലീസിന് സൂചന ലഭിച്ചു. കൊട്ടാരത്തിലെ കുടുംബാംഗങ്ങള്‍, ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴികള്‍ പരിശോധിച്ചതില്‍ നിന്നാണ് ചില നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിച്ചത്.
ഗൗരി ലക്ഷ്മി ഭായിയുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന അമൂല്യമായ വജ്ര, സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. രണ്ട് കോടിയില്‍പരം രൂപ വിലവരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. നിലവില്‍ അന്വേഷണം നടത്തുന്നത് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്.
നേരത്തെ കൊട്ടാരത്തിലുള്ളവര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കൊട്ടാരത്തിലെ കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും ഉള്‍പ്പെടെയുള്ള മുഴുവന്‍ പേരുടെയും മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു.
കൂടാതെ നേരത്തെ വിരലടയാളങ്ങളും ശേഖരിച്ചിരുന്നു. ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചിലയാളുകളെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.