ലോക്‌സഭയിലും നിയമസഭകളിലും 33% വനിതാ സംവരണം വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബില്ലിന് കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് മണ്ഡല പുനർനിർണയത്തിനുള്ള ബില്ലും അംഗീകരിച്ചിട്ടുണ്ട്.
ഏപ്രിൽ 16 ന് ആരംഭിക്കുന്ന മൂന്നു ദിവസത്തെ പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൽ ബില്ലുകൾ അവതരിപ്പിക്കും. 2023 ലെ നാരീശക്തി വന്ദൻ അധിനിയമത്തിലാണ് (വനിതാ സംവരണ നിയമം) ഭേദഗതി കൊണ്ടുവരുന്നത്
50% ലോക്‌സഭാ, നിയമസഭ സീറ്റുകൾ മണ്ഡല പുനർനിർണയത്തിലൂടെ വർദ്ധിപ്പിക്കും. ലോക്സഭാ സീറ്റുകൾ 543 ൽ നിന്ന് 816 ആകും. ഇതിൽ നിന്ന് 273 സീറ്റുകൾ വനിതകൾക്കായി മാറ്റി വയ്ക്കും. മണ്ഡല പുനർനിർണയത്തിന് 2027 ൽ പൂർത്തിയാകുന്ന സെൻസസിനായി കാത്തിരിക്കില്ല.
2011ലെ സെൻസസ് ഡേറ്റയാകും ഉപയോഗിക്കുക. 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും, വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വനിതാസംവരണം നടപ്പാക്കാനാണ് ശ്രമം.
33% സംവരണത്തിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ വനിതകൾക്ക് ക്വാട്ടയുണ്ട്. അതേസമയം ഒ.ബി.സി വിഭാഗത്തിലെ വനിതകൾക്ക് നിശ്ചിത ശതമാനം ക്വാട്ട അനുവദിക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ഒ.ബി.സിക്കും ക്വാട്ട വേണമെന്ന് ചില കോൺഗ്രസ് നേതാക്കളുടെ ആവശ്യം.
ബില്ലിലെ വ്യവസ്ഥകൾ ചർച്ച ചെയ്യാൻ ഇന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഡൽഹിയിൽ ചേരും. സർവകക്ഷിയോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യത്തോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല.