അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ മോചിപ്പിച്ചു. ഇറാഖ്, സിറിയ,അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ യുദ്ധസാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പ്രമുഖ മാധ്യമപ്രവർത്തകയാണ് ഷെല്ലി. കഴിഞ്ഞ ആഴ്ച ബാഗ്ദാദിൽ തട്ടിക്കൊണ്ടുപോയ ഷെല്ലി കിറ്റിൽസണെ ഇന്നലെയാണ് വിട്ടയച്ചത്.

വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സാണ് വിവരം സ്ഥിരീകരിച്ചത്. കിറ്റിൽസൺ നിലവിൽ എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.ബാഗ്ദാദിൽ മാർച്ച് 31 മു തൽ തടങ്കലിലായിരുന്നു. ഇറാഖിൽ നിന്ന് ഉടൻ തന്നെ പോകുമെന്ന ഉറപ്പിലാണ് വിട്ടയച്ചത്.

ഇറാഖ് പ്രധാനമന്ത്രിയുടെ നിലപാടുകളോടുള്ള ബഹുമാനസൂചകമായാണ് ഈ തീരുമാനമെന്നാണ് സായുധ സേനാ സുരക്ഷാ വക്താവ് വിശദമാക്കിയത്. ഷെല്ലി കിറ്റിൽസണെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത്, ഇറാഖ് സുരക്ഷാ സേന പ്രതികളെ പിന്തുടർന്നിരുന്നതായി ഇറാഖ് സർക്കാർ വ്യക്തമാക്കി.

ഈ പിന്തുടരലിനിടയിൽ തട്ടിക്കൊണ്ടുപോയവർ സഞ്ചരിച്ചിരുന്ന ഒരു കാർ മറിയുകയും, ഒരാളെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി വിദേശികളെ തട്ടിക്കൊണ്ടു പോകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞ ആഴ്ച ഉത്തരവ് നൽകിയിരുന്നു.

Related Posts