തിരുപ്പൂരില്‍നിന്ന് ആന്ധ്രാ പ്രദേശിലെ ചിറ്റൂരിലെ അമ്മയുടെ വീട്ടിലേക്ക് പോവുകയായിരുന്ന ഗര്‍ഭിണിയായ 36-കാരിയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടു. കോയമ്പത്തൂര്‍-തിരുപ്പതി ഇൻ്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനില്‍ രാവിലെ 10.30 നായിരുന്നു സംഭവം നടന്നത്.

രാവിലെ 6.40-ന് ലേഡിസ് കംപാർട്മെൻ്റിലാണ് യുവതി കയറിയത്. അപ്പോൾ വേറെ ഏഴ് സ്ത്രീകളും ആ ബോഗിയിലുണ്ടായിരുന്നു. ജോലർപേട്ടൈ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ അവരെല്ലാവരും ഇറങ്ങി. ഇതോടെ യുവതി തനിച്ചായി. ഈ സമയത്താണ് പ്രതി ഹേമരാജ് ബോഗിയിലേക്ക് ചാടിക്കയറിയത്.

ഒറ്റയ്ക്കാണ് യുവതി എന്ന് മനസിലായതോടെ ഹേമരാജ് ആക്രമിക്കുകയായിരുന്നു. ഇതോടെ ഹേമരാജിനെ ചവിട്ടി രക്ഷപ്പെടാൻ യുവതി ശ്രമിച്ചപ്പോൾ ഹേമരാജ് യുവതിയെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. യുവതിയുടെ കൈയിലും കാലിലും തലയിലും പരിക്കേറ്റിട്ടുണ്ട്. നിലവിൽ വെല്ലൂർ ഗവൺമെൻ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് ഹേമരാജിനെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഹേമരാജിനെതിരെ നിരവധി കേസുകളുണ്ടെന്നും മുമ്പും ഇയാൾ ഇത്തരത്തിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. നേരത്തെ മോഷണത്തിനും കൊലപാതകത്തിനും ഹേമരാജിനെ അറസ്റ്റ് ചെയ്‌തിരുന്നു.

Related Posts