ഇന്ത്യൻ പേയ്മെൻ്റ് സിസ്റ്റത്തെ ആധുനികവൽക്കരിക്കുന്നതിൻ്റെ ഭാഗമായി ഇലക്ട്രോണിക് ചെക്കുകൾ പുറത്തിറക്കാനൊരുങ്ങി ആർ.ബി.ഐ. തട്ടിപ്പുകൾ തടയുന്ന രീതിയിലാവും പുതിയ ഇ-ചെക്കുകൾ പുറത്തിറക്കുകയെന്നു ആർ.ബി.ഐ വ്യക്തമാക്കി. പഴയ പേപ്പർ ചെക്കുകളുടെ സ്ഥാനത്താണ് ആർ.ബി.ഐ ഇ-ചെക്കുകൾ ഇറക്കാൻ ഒരുങ്ങുന്നത്. പഴയ ചെക്കുകളുടെ വിശ്വാസ്യതക്കൊപ്പം കൂടുതൽ കാര്യക്ഷമതയും വേഗതയും സുരക്ഷയും ഇ-ചെക്കിൽ ഉറപ്പാക്കാൻ കഴിയുമെന്നാണ് ആർ.ബി.ഐ പറയുന്നത്.
ആർ.ബി.ഐയുടെ പേയ്മെൻ്റ് വിഷൻ 2028 റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച പരാമർശമുള്ളത്. പേപ്പർ ചെക്കിൻ്റെ ഡിജിറ്റൽ വേർഷനാണ് പുതിയ സംവിധാനം. ഡിജിറ്റലായി ചെക്ക് പൂരിപ്പിച്ച് ഒപ്പിട്ട് ഓൺലൈനായി അയക്കാൻ സാധിക്കും. സാധാരണ ചെക്ക് പരിശോധിക്കുന്നത് പോലെ തന്നെ ഇതും പരിശോധിച്ച് ബാങ്ക് തുടർനടപടികൾ സ്വീകരിക്കും.
മറ്റുള്ള പേയ്മെൻ്റ് രീതികളെ അപേക്ഷിച്ച് ചെക്കുകൾ സവിശേഷമായ ചില നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 2010-ൽ നിലവിൽ വന്ന സി.ടി.എസ്-2010 മാനദണ്ഡങ്ങൾക്ക് പുറമെ, ബാങ്കുകൾ സ്വന്തം നിലയിൽ കൂടുതൽ സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തിയത് ഈ സംവിധാനത്തിൽ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് ആർ.ബി.ഐയുടെ പേയ്മെൻ്റ് സിസ്റ്റം റിപ്പോർട്ട് വ്യക്തമാക്കുന്നു.