ഡൽഹി തിരഞ്ഞെടുപിന് ദിവസങ്ങൾ ബാക്കി നിൽക്കെ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ ദിവസം ആം ആദ്മി പാർട്ടി വിട്ട 8 എംഎൽഎമമാരും ബിജെപിയിൽ ചേർന്നു. ഇനിയുളള ദിവസങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾക്കായി പ്രചാരണത്തിൽ സജീവമാകുമെന്ന് രാജിവെച്ച എംഎൽഎമാർ വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ചിദേവ ആണ് ആം ആദ്മി പാർട്ടി വിട്ട എട്ട് എംഎൽഎമാരെയും പാർട്ടിയിലേക്ക് സ്വീകരിച്ചത്. എട്ടു പേർക്കും ബിജെപി അംഗത്വം നൽകി.
സ്ഥാനാർഥി നിർണയത്തിൽ കലഹിച്ച് അഞ്ചു ദിവസത്തിനിടെയാണ് എട്ടു എംഎൽഎമാർ രാജിവച്ചത്. തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ അനുമതി ലഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജി. നരേഷ് യാദവ് (മെഹ്റൗളി), രോഹിത് കുമാർ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്പുരി), മദൻ ലാൽ (കസ്തൂർബ നഗർ), പവൻ ശർമ (ആദർശ് നഗർ), ഭാവ്ന ഗൗഡ് (പലാം), ഭൂപീന്ദർ സിങ് ജൂൺ (ബിജ്വാസൻ), ഗിരീഷ് സോനി (മഡിപുർ) എന്നിവരാണ് രാജിവെച്ചത്.