അങ്കമാലിയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ കാർ ഓടിച്ച ഡോ. സിറിയക് പി. ജോര്‍ജ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ചു. കോട്ടയം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഈ നീക്കം. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. ഒളിവില്‍ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാന്‍ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.
കഴിഞ്ഞ 28ന് നടന്ന സംഭവത്തിൽ അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ജസ്ലിയാണ് മരിച്ചത്. അപകടം നടന്ന് 5 ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതില്‍ വ്യാപക വിമർശനം ഉയരുന്നുണ്ട്. സാങ്കേതിക വിദ്യ ഇത്രയധികം വളര്‍ന്നിട്ടും പ്രതിയെ പിടികൂടാൻ എന്താണ് ഇത്ര താമസമെന്നും ജാസ്ലിയായുടെ പിതാവ് ജോണ്സണ് ചോദിച്ചു. പൊലീസ് ഇതുവരെ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ജോണ്സണ് പറഞ്ഞു.