ജനങ്ങളുടെ മുന്നിൽ ആരോഗ്യമന്ത്രി വീണാ ജോർജ് പരിഹാസ കഥാപാത്രമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. ആളുകൾ മന്ത്രിയുടെ പേര് കേൾക്കുമ്പോൾ ചിരിക്കുകയാണ് വീണാ ജോർജ് പത്തനംതിട്ട ജില്ലക്ക് തന്നെ അപമാനമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. അടൂരിൽ പുതുയുഗ യാത്രയുടെ ഭാഗമായി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചു എന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. കെഎസ്യു നേതാവിന്റെ വീടിനും ബോംബെറിഞ്ഞു. കേരളം മുഴുവൻ സിപിഎം അക്രമം നടത്തുന്നു. അക്രമത്തിനും വ്യാജ പ്രചാരണത്തിനും ജനം തിരിച്ചടി നൽകും. തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. അക്രമം ശക്തമായി പ്രതിരോധിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
കെഎസ്യു നേതാക്കളുടെ പേരിലുള്ള കള്ളക്കേസ് പിൻവലിക്കണം. പച്ചക്കള്ളമാണ് മുഖ്യമന്ത്രിയും, സ്പീക്കറും, മന്ത്രിയും, പാർട്ടി സെക്രട്ടറിയും പറയുന്നത്. കേരളത്തിനു മുഴുവൻ കള്ളമാണെന്ന് ബോധ്യമായി. പുതുയുഗ യാത്രയുടെ പ്രചാരണ സാമഗ്രികൾ ജില്ലയിലും മറ്റ് ജില്ലകളിലും വ്യാപകമായി നശിപ്പിച്ചു. ആരോഗ്യ മന്ത്രിയുടെ പെടലി പിടിച്ചു തിരിച്ചു എന്നാണ് പ്രചരണം. നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സതീശൻ പറഞ്ഞു.