കൊല്ലം ശക്തികുളങ്ങരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി, സഹോദരി സുഹാസിനി, മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് കാരണം കുടുംബ പ്രശ്നമാണെന്നാണ് നിഗമനം. വ‍്യാഴാഴ്ച രാവിലെ 8:30 ന് ശക്തികുളങ്ങരിയിലെ രമണിയുടെ വീട്ടിൽ വച്ചായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ രമണിയെ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റ് രണ്ട് പേരും കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മത്സ‍്യത്തൊഴിലാളിയായ അപ്പുക്കുട്ടനെ പോലീസ് ചോദ‍്യം ചെയ്തു വരികയാണ്. രമണിയും ഭര്‍ത്താവ് അപ്പുക്കുട്ടനും തമ്മിലുള്ള പ്രശ്നമാണ് അനിഷ്ടസംഭവത്തിലേക്കെത്തിച്ചതെന്നാണ് അനുമാനം. ഇന്ന് ഇരുവരും വഴക്കിടുകയും അപ്പുക്കുട്ടന്‍ വാക്കത്തിയെടുത്ത് തലയില്‍ വെട്ടുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ടാണ് സുഹാസിനിയും സൂരജും എത്തി ഇയാളെ തടയാന്‍ ശ്രമിച്ചത്. ഇതിനിടെ അപ്പുക്കുട്ടന്‍ ഇവരെയും വെട്ടുകയായിരുന്നു.

Related Posts