തിരുവനന്തപുരത്ത് അനധികൃതമായി പ്രവർത്തിപ്പിച്ച സ്പാ കോർപ്പറേഷൻ അടപ്പിച്ച സംഭവത്തിൽ ബിജെപി നേതാവിനോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. തിരുവല്ലയിൽ സ്പായിൽ ജീവനക്കാരി കൂട്ടബലാത്സംഗത്തിനിരയായെന്ന നാടിനെ നടുക്കിയ സംഭവം പുറത്തുവന്നതിനു പിന്നാലെയാണ് തിരുവനന്തപുരം കോർപറേഷൻ പരിധിയിലുള്ള സ്പാകളിൽ കർശന പരിശോധനകൾ ആരംഭിച്ചതും അനധികൃതമായി പ്രവർത്തിപ്പിച്ച സ്പാ അടപ്പിച്ചതും.
സ്പായുടെ ലൈസൻസ് ബിജെപി നേതാവിന്റെ പിതാവിന്റെ പേരിലെന്ന വിവരത്തെതുടർന്ന് സൈബർ ഇടങ്ങളിൽ പാർട്ടിയുടെ പേര് ഉൾപ്പെടുത്തി വ്യാപക പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് നേതൃത്വം വിശദീകരണം തേടിയത്. ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം പി ഷൈൻ ലാലിന്റെ പിതാവായ പാങ്ങോട് സ്വദേശി എസ് മനോഹരന്റെ പേരിലാണ് സ്പായുടെ ലൈസൻസ്.
എന്നാൽ മാസങ്ങൾക്കു മുൻപ് പിതാവിന്റെ പേരിലാണ് ലൈസൻസെങ്കിലും സ്പാ മറ്റൊരാൾക്ക് കൈമാറിയിരുന്നതായി ഷൈൻ ലാൽ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പാർട്ടി തന്നോട് ഒദ്യാേഗിക വിശദീകരണമൊന്നും തേടിയിട്ടില്ലെന്നും സോഷ്യൽ മീഡിയയിലെ പ്രചാരണം അറിഞ്ഞില്ലെന്നും ഷൈൻ പറഞ്ഞു. സ്ഥാപനം ലൈസൻസിന് അപേക്ഷിച്ചിട്ട് കാലങ്ങളായി കിട്ടിയിരുന്നില്ലെന്നും സംഘടനാപരമായ യാത്രയിലാണ് താനെന്നും പിന്നീട് ആരംഭിച്ചപ്പോഴും ലാഭത്തിലല്ലാത്തതുകൊണ്ട് മറ്റൊരാൾക്ക് കൈമാറിയെന്നും ഷൈൻ വ്യക്തമാക്കി.