കാനഡയിലെ ടൊറന്റോയിലുണ്ടായ വെടിവയ്പ്പിൽ കർണാടക സ്വദേശിയായ ഇന്ത്യൻ ടെക്കി കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ ടൊറന്റോയിലെ വുഡ്ബൈൻ ഷോപ്പിംഗ് മാളിൻ്റെ പാർക്കിംഗ് ഏരിയയിലായിരുന്നു സംഭവം. ബംഗളൂരു നെലമംഗല സ്വദേശി ചന്ദൻ കുമാർ രാജ നന്ദകുമാർ (37) ആണ് കൊല്ലപ്പെട്ടത്. സെൻ്ററിന് അടുത്ത് പാർക്ക് ചെയ്തിരുന്ന തൻ്റെ എസ്യുവിയിൽ ഇരിക്കുമ്പോഴാണ് ചന്ദന്‍ നേരെ അക്രമികൾ വെടിയുതിർത്തത്. സ്ഥലത്തെത്തിയ പൊലീസ് ചന്ദനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചന്ദൻ്റെ കാറിൽ നിരവധി വെടിയുണ്ടകൾ തറച്ച പാടുകളുണ്ട്. കരുതികൂട്ടി ചെയ്ത ആക്രമണമാണിതെന്നാണ് ടൊറന്റോ പൊലീസിൻ്റെ പ്രാഥമിക നിഗമനം.
ബംഗളൂരുവിൽ നിന്ന് 47 കിലോമീറ്റർ അകലെയുള്ല ത്യാമഗൊണ്ടുവെന്ന ഗ്രാമത്തിലാണ് ചന്ദൻ്റെ കുടുംബം. ഏക മകനായിരുന്നു ചന്ദൻ. എൽടിഐ മൈൻഡീ ജീവനക്കാരനായിരുന്ന ചന്ദൻ 6 വർഷം മുമ്പാണ് കാനഡയിലേക്ക് കുടിയേറിയത്.
കാനഡയിൽ കന്നഡ അസോസിയേഷൻ രൂപീകരിക്കാനുള്ള ചന്ദൻ്റെ ശ്രമങ്ങളാണോ കൊലപാതകത്തിന് പിന്നിലെന്ന് ബന്ധുക്കൾ സംശയിച്ചെങ്കിലും പൊലീസ് അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. ടൊറന്റോ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ വർഷം ടൊറന്റോയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കൊലപാതകമാണിത്.