മധ്യപ്രദേശിൽ നാലുപേർ ചേർന്ന് എട്ടാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. മധ്യപ്രദേശിലെ മൗഗഞ്ചില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. രവിനന്ദന്‍ സിംഗ് ഗൗര്‍(22), നീരജ് ജയ്സ്വാള്‍ (21), മിന്റു ജയ്സ്വാള്‍(24), സുഭാഷ് ജയ്സ്വാള്‍ (23) എന്നിവരാണ് പിടിയിലായത്. പെൺകുട്ടിയും സുഹൃത്തും ബോര്‍ഡ് പരീക്ഷ കഴിഞ്ഞ് മടങ്ങിവരികയായിരുന്നു.
ഈ സമയം ബൈക്കില്‍ അതുവഴി വരികയായിരുന്ന മിന്റു ഇരുവരെയും ബൈക്കില്‍ കയറ്റി. വഴിയില്‍ വച്ച് പെൺകുട്ടിയുടെ സുഹൃത്തിനെ ഇറക്കിയ ശേഷം ഇയാള്‍ പെണ്‍കുട്ടിയെ അടുത്തുള്ള ഖനിയുടെ ഭാഗത്തേക്ക് കൊണ്ടുപോകുകയും സുഹൃത്തുക്കളെ വിളിച്ചു വരുത്തിയ ശേഷം പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പീഡനത്തിന് ശേഷം പെൺകുട്ടിയെ അവിടെത്തന്നെ ഉപേക്ഷിച്ച് പോകുകയും ചെയ്തു.
മുഖ്യപ്രതിയായ മിന്റു ജയ്സ്വാള്‍ പെണ്‍കുട്ടിയുടെ പരിചയക്കാരനായിരുന്നെന്നും അതിനാലാണ് പെണ്‍കുട്ടി ബൈക്കില്‍ കയറിയതെന്നും പോലീസ് വ്യക്തമാക്കി. ആക്രമിക്കപ്പെട്ട പെണ്‍കുട്ടി നിലവില്‍ ആശുപത്രിയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പോലീസ് പറഞ്ഞു.