രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. സോഷ്യൽ മീഡിയയിലൂടെ അതിജീവിതയെ അധിക്ഷേപിച്ച കേസിലെ പ്രതിയും അഭിഭാഷകയുമായ ദീപാ ജോസഫ് സമർപ്പിച്ച ഹർജിക്കെതിരെയാണ് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ദീപാ ജോസഫ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. ഇതിനെതിരെയാണ് അതിജീവിത തടസ ഹർജി നൽകിയത്.
അതിജീവിതയുടെ തടസ ഹർജി ഫയൽ ചെയ്തത് അഡ്വ. കെ ആർ സുഭാഷ് ചന്ദ്രനാണ്. ദീപാ ജോസഫിൻ്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തൻ്റെ വാദം കേൾക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. സോഷ്യൽ മീഡിയയിലൂടെ അതിജീവിതയെ അധിക്ഷേപിച്ച കേസിലെ രണ്ടാം പ്രതിയാണ് കോൺഗ്രസ് അനുകൂലിയായ ദീപാ ജോസഫ്.
അതിജീവിതയുടെ ഹർജിയിലെ ഉള്ളടക്കം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കേരള പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യത്തിന് പുറമേ ചില ഭരണഘടനാ വിഷയങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ടെന്നാണ് സൂചന.