തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടിമാരിൽ ഏഴിൽ അഞ്ചും മലയാളി താരങ്ങളാണ് അർഹരായത്. 2016 മുതൽ 2022 വരെയുള്ള സിനിമകൾക്കാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച നടിക്കുള്ള അവാർ‍ഡിന് പുറമെ മറ്റ് പ്രധാന വിഭാഗങ്ങളിലും മലയാളി താരങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. ഫെബ്രുവരി 13 -ന് ചെന്നൈയിലെ കലൈവാണർ അരങ്ങിൽ നടക്കുന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

2016 – വിജയ് സേതുപതി (പുരിയാത്ത പുതിർ), 2017 – കാർത്തി (തീരൻ അധികാരം ഒൺട്രു), 2018 – ധനുഷ് (വടചെന്നൈ), 2019 – പാർത്ഥിപൻ (ഒത്ത സെരുപ്പ് സൈസ് 7), 2020 – സൂര്യ (സൂരറൈ പോട്ര്‌), 2021 – ആര്യ (സർപ്പട്ട പരമ്പരൈ), 2022 – വിക്രം പ്രഭു (താനക്കാരൻ) എന്നിവരെ മികച്ച നന്മാരായി പ്രഖ്യാപിച്ചു. 2016 – കീർത്തി സുരേഷ് (പാമ്പു സട്ടൈ), 2017 – നയൻ‌താര (അരം), 2018 – ജ്യോതിക (ചെക്ക ചിവന്ത വാനം), 2019 – മഞ്ജു വാര്യർ (അസുരൻ), 2020 – അപർണ ബാലമുരളി (സൂരറൈ പോട്ര്‌), 2021 – ലിജോ മോൾ (ജയ് ഭീം), 2022 – സായി പല്ലവി (ഗാർഗി) എന്നിവർ മികച്ച നടിമാർക്കുള്ള പുരസ്‌കാരത്തിന് അർഹരായി.

2016 ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം വേലൈനു വന്തിട്ടാ വെള്ളക്കാരൻ എന്ന സിനിമയ്ക്ക് വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. മലയാളി താരം റഹ്മാൻ മികച്ച വില്ലൻ പുരസ്‌കാരത്തിന് അർഹനായി. 2017 ലെ മികച്ച ഹാസ്യ നടിക്കുള്ള പുരസ്‌കാരം മഗലിർ മട്ടും എന്ന സിനിമയ്ക്ക് ഉർവശി സ്വന്തമാക്കി. തായ് നിലം എന്ന സിനിമയിലെ ‘ആഗായം മേലെ’ എന്ന ഗാനത്തിന് 2020 ലെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം മലയാളിയായ വർഷ രഞ്ജിത്ത് സ്വന്തമാക്കി.

മാരി സെൽവരാജ്, പാർഥിപൻ, ലോകേഷ് കനകരാജ്, പുഷ്‌കർ ഗായത്രി, ഗൗതം രാമചന്ദ്രൻ, സുധ കൊങ്കര, ടി ജെ ജ്ഞാനവേൽ എന്നിവരാണ് മികച്ച സംവിധായകർ. മികച്ച നടീനടൻമാർക്ക് ഒരു പവൻ വീതമുള്ള സ്വർണ മെഡൽ പുരസ്‌കരമായി നൽകും. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള മികച്ച സിനിമയ്ക്ക് 1.25 ലക്ഷം രൂപയും നൽകും. മികച്ച സിനിമയ്ക്ക് രണ്ടു ലക്ഷം രൂപയും രണ്ടാമത്തെ സിനിമയ്ക്ക് ഒരു ലക്ഷവുമാണ് പുരസ്‌കാര തുക.

Related Posts