ബാങ്ക് ജീവനക്കാരുടെ സംഘടന ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചു. ആഴ്ചയിൽ 5 പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാണ് ആവശ്യം. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ (യു എഫ് ബി യു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുക. നിലവിൽ ഞായറാഴ്ച കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാർക്ക് അവധിയുള്ളത്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകൾ കൂടി അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.
27ന് പണിമുടക്ക് നടക്കുകയാണെങ്കിൽ ജനുവരി 24 നാലാം ശനിയും 25 ഞായറാഴ്ചയും 26 പൊതു അവധിയുമായതിനാൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തുടർച്ചയായി 4 ദിവസം മുടങ്ങും. ശനിയാഴ്ചകൾ അവധിയായി പ്രഖ്യാപിക്കുന്ന കാര്യത്തിൽ കഴിഞ്ഞ വർഷം മാർച്ചിലെ ശമ്പള പരിഷ്കരണ കരാറിനിടെ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും തമ്മിൽ ധാരണയിലെത്തിയിരുന്നു. എന്നാൽ ഇത് നടപ്പായില്ല.
എൽഐസി, ജിഐസി, ആർ.ബി.ഐ തുടങ്ങിയ സ്ഥാപനങ്ങളും നിലവിൽ ആഴ്ചയിൽ 5 ദിവസം മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന ചൂണ്ടിക്കാട്ടി. തിങ്കൾ മുതൽ വെള്ളി വരെ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാൻ ജീവനക്കാർ സമ്മതിച്ചിട്ടുള്ളതിനാൽ, പ്രവൃത്തി സമയത്തിൽ കുറവുണ്ടാകില്ലെന്ന് സംഘടന അറിയിച്ചു. ശനിയാഴ്ചകളിൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ, വിദേശ വിനിമയ വിപണി എന്നിവ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ ബാങ്കുകൾ 5 ദിവസമാക്കുന്നത് ഒരു തരത്തിലും ഉപഭോക്താക്കളെ ബാധിക്കില്ലെന്നും യുഎഫ്ബിയു അവകാശപ്പെടുന്നു.