കോഗിലുവിൽ നടന്ന ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് താൻ പറഞ്ഞത് കേരളീയരെക്കുറിച്ചല്ലെന്നും കേരള സർക്കാരിൻ്റെ ഇടപെടലിനെക്കുറിച്ചാണെന്നും, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ബംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജീവ് ചന്ദ്രശേഖർ തൻ്റെ പ്രസ്താവന വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

‘കേരളത്തിലെ ജനങ്ങൾക്ക് തന്നെ ഇഷ്ടമാണ്’. മലയാളികളുകളുമായി നല്ല ബന്ധമാണുള്ളത്. ഞാൻ അവിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകും. അവിടെ നമ്മുടെ സർക്കാർ രൂപീകരിക്കും. ബിജെപി ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്.’ ശിവകുമാർ പറഞ്ഞു.

കോഗിലു ഒഴിപ്പിക്കൽ വിഷയത്തിൽ പിണറായി വിജയനുമായി നടന്ന വാക്പോരിനിടയിലാണ് ഡികെ ശിവകുമാർ വിവാദ പരാമർശം നടത്തിയത്. “കേരള മുഖ്യമന്ത്രി അദ്ദേഹത്തിൻ്റെ ജോലി ചെയ്യട്ടെ. ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യാം. ഞങ്ങൾക്ക് ഒരു കേരളീയരെയും വേണ്ട.” ഈ പരാമർശം കേരളീയർക്കെതിരാണെന്നായിരുന്നു കേരള ബിജെപി അധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖറിൻ്റെ വിമർശനം.

Related Posts