ടാറ്റാ നഗര്‍-എറണാകുളം എക്‌സ്‌പ്രസിന്‍റെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് 66 കിലോമീറ്റര്‍ അകലെയുള്ള യലാമന്‍ചില്ലിയില്‍ വച്ചാണ് തീപിടിത്തം ഉണ്ടായത്.
പുലര്‍ച്ചെ 12.45നാണ് തീപിടിത്തത്തെക്കുറിച്ച് വിവരം കിട്ടിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോച്ച് നമ്പര്‍ ബി1, എം2 എന്നീ കോച്ചുകളിലാണ് തീപിടിത്തമുണ്ടായതെന്ന് ദക്ഷിണ മധ്യ റെയില്‍വേ അധികൃതര്‍ അറിയിച്ചു. കോച്ചുകള്‍ പൂര്‍ണമായും നശിച്ചു. തീപിടിത്തം ശ്രദ്ധയില്‍ പെട്ടയുടന്‍ തന്നെ അഗ്നിശമന വിഭാഗത്തെ വിവരം അറിയിക്കുകയും രണ്ട് യൂണിറ്റ് അഗ്നിശമന സംഘം സ്ഥലത്തെത്തി ഉടന്‍ തന്നെ തീയണക്കുകയും ചെയ്‌തു. അതിനാല്‍ മറ്റ് കോച്ചുകളിലേക്ക് തീപടരുന്നത് തടയാനായി.
മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉടന്‍ തന്നെ സ്ഥലത്തെത്തി. വലിയ തീപിടിത്തമാണ് ഉണ്ടായതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. തീപിടിച്ച ഒരു ബോഗിയില്‍ 82 യാത്രക്കാരും മറ്റൊന്നില്‍ 76 യാത്രക്കാരും ഉണ്ടായിരുന്നു. ബി1 കോച്ചില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തിയെന്നും പൊലീസ് ഓഫീസര്‍ പറഞ്ഞു. വിജയവാഡ സ്വദേശി ചന്ദ്രശേഖര്‍ സുന്ദരം എന്നയാളാണ് മരിച്ചത്. അപകടകാരണം വ്യക്തമല്ല.