വീട്ടിൽ കയറിയ മോഷ്ടാവിൻ്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ഡിസ്ചാർജായി. ആറു ദിവസം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് 54 കാരനായ സെയ്ഫ് അലി ഖാൻ മുംബൈയിലെ ലീലാവതി ആശുപത്രിയിൽനിന്ന് ഡിസ്ചാർജായത്. താരത്തിനൊപ്പം ഭാര്യയും നടിയുമായ കരീന കപൂറും അമ്മയും വിഖ്യാത നടിയുമായ ശർമിള ടാഗോറും ആശുപത്രിയിൽ ഉണ്ടായിരുന്നു. താരത്തിന് ഡോക്ടർമാർ ഒരാഴ്ചത്തെ വിശ്രമം നിർദേശിച്ചു. അണുബാധ ഒഴിവാക്കാനായി സന്ദർശകർ പാടില്ലെന്നും ഡോക്‌ടർമാരുടെ നിർദേശമുണ്ട്. ഡിസ്ചാർജ് വിവരം അറിഞ്ഞ് നിരവധി പേർ ആശുപത്രി പരിസരത്ത് തടിച്ചുകൂടിയതിനെ തുടർന്ന് കനത്ത സുരക്ഷ പോലീസ് ഏർപ്പെടുത്തിയിരുന്നു . ബാന്ദ്രയിലെ സദ്ഗുരു ഷരൺ കെട്ടിടത്തിലെ ഫ്ലാറ്റിൽ കുടുംബത്തോടൊപ്പം താമസിക്കുന്നതിനിടെ, ഇക്കഴിഞ്ഞ 16 ന് പുലർച്ചെയാണ് മോഷ്ടാവിൽനിന്ന് സെയ്ഫ് അലി ഖാന് കുത്തേറ്റത്. കത്തി ഉപയോഗിച്ച് ആറു കുത്തുകളാണ് ഏറ്റത്. മോഷ്ടാവിനെ മുറിക്കുള്ളിൽ പൂട്ടിയിടാൻ ശ്രമിച്ചെങ്കിലും പ്രതി രക്ഷപ്പെട്ടു. തുടർന്ന് ആയ ഏലിയാമ്മ ഫിലിപ്പിൻ്റെ സഹായത്തോടെ കെട്ടിടത്തിന് പുറത്തിറങ്ങി ഓട്ടോറിക്ഷ പിടിച്ച് ആശുപത്രിയിലേക്ക് എത്തുകയായിരുന്നു താരം.

Related Posts