പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ചുള്ള പ്രസംഗത്തിലെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നേതാക്കൾ. സംഘടനാ രംഗത്തെ പ്രയാസങ്ങൾ പരിഹരിക്കാൻ സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മുൻകൈയ്യെടുത്താണ് കഴിഞ്ഞ ദിവസം പാണക്കാട് ചർച്ച നടത്തിയത്. പാണക്കാട്ട് നടന്ന ചർച്ചയിലെ തീരുമാനമാണ് മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ഐക്യത്തിനുവേണ്ടി ഖേദപ്രകടനം നടത്തുകയാണെന്നും നേതാക്കൾ പറഞ്ഞു. സത്താർ പന്തല്ലൂർ, ഉമർ ഫൈസി മുക്കം, ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരാണ് ഖേദം പ്രകടിപ്പിച്ച് സംയുക്തമായി വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. സമുദായിക രംഗത്തും സംഘടനാ രംഗത്തും ഐക്യത്തിനും യോജിച്ച മുന്നോട്ട് പോക്കിനും എന്ത് വിട്ടുവീഴ്‌ചക്കും തയ്യാറാണെന്നും സംഘടനാരംഗത്ത് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ നേതാക്കൾ ശ്രമം തുടർന്ന് വരികയാണെന്നും അതിനിടെ ചില പ്രസംഗങ്ങളിലുള്ള പരാമർശങ്ങൾ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സംബന്ധിച്ചാണെന്ന മാധ്യമസൃഷ്‌ടി തങ്ങൾക്ക് വേദന ഉണ്ടാക്കുകയും അതിന് ചില പ്രസംഗങ്ങൾ കാരണമാവുകയും ചെയ്‌തതിൽ ഖേദം രേഖപ്പെടുത്തുന്നു എന്നായിരുന്നു വാർത്താക്കുറിപ്പ്.
യോഗ തീരുമാനപ്രകാരമാണ് തുടർന്ന് വാർത്താ സമ്മേളനം നടത്തിയതും. ചില പരാമർശങ്ങിൽ സാദിഖലി തങ്ങൾക്ക് പ്രയാസമുണ്ടായെന്നും അതെല്ലാം വിശദമായി സംസാരിച്ച് പരിഹരിച്ചുവെന്നും അതിൽ സങ്കടമുണ്ടെന്നും വാർത്താ സമ്മേളനത്തിൽ ആവർത്തിക്കപ്പെട്ടു. ചർച്ചയിലെ അന്തിമ തീരുമാനവും ഇതുതന്നെയായിരുന്നു. എന്നാൽ, സംഘടനക്കകത്തും സമുദായത്തിനകത്തും രഞ്ജിപ്പും ഒരുമയും അനിവാര്യമാണെന്നതുകൊണ്ട് സംഘടനാപരമായ ഏത് വിട്ടുവീഴ്ചയ്ക്കും ഖേദപ്രകടനത്തിനും ഇനിയും തയ്യാറാണെന്നും നേതാക്കൾ പറഞ്ഞു. യോഗത്തിൽ ധാരണയായ പ്രകാരം തുടർചർച്ചകൾ നടത്തി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാവണമെന്നും നേതാക്കൾ പറയുന്നു.