ബോബി ചെമ്മണ്ണൂരിൻ്റെ മാപ്പപേക്ഷ കോടതി അംഗീകരിച്ചു. തുടർ നടപടികൾ നിർത്തിവെച്ചിരിക്കയാണ്. ലൈംഗികാധിക്ഷേപ കേസിൽ ജയിലിൽ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് ചൊവ്വാഴ്‌ച ഹൈകോടതി ജാമ്യം അനുവദിച്ചെങ്കിലും പുറത്തിറങ്ങിയിരുന്നില്ല. വിടുതൽ ബോണ്ടിൽ ഒപ്പുവെക്കില്ലെന്ന നിലപാടിൽ ഉറച്ചു നിന്നതോടെയാണ് ജയിലിൽ നിന്നിറങ്ങാതിരുന്നത്. ഇന്നലെ ജാമ്യം നൽകിയിട്ടും പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണ്ണൂരിൻ്റെ നടപടി കോടതിയെ പ്രകോപിപ്പിച്ചിരുന്നു. ആരും കോടതിക്ക് അതീതരല്ലെന്നായിരുന്നു കോടതിയുടെ വിമർശനം. ഇന്ന് രാവിലെ ബോബി ചെമ്മണ്ണൂരിൻ്റെ അഭിഭാഷകനെ വിളിപ്പിച്ച കോടതി കടുത്ത ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്. കോടതിയെയും മുതിർന്ന അഭിഭാഷകനെയും ബോബി അപമാനിക്കുകയായിരുന്നു എ ന്നാണ് കോടതി വിലയിരുത്തൽ നാടകം കളിക്കരുതെന്നും ജാമ്യം റദ്ധാക്കുമെന്ന മുന്നറിയിപ്പും കോടതി നൽകിയിരുന്നു. ഈ വിഷയം ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ കോടതി വീണ്ടും പരിഗണിച്ചു. തുടർന്നാണ് കോടതി മാപ്പപേക്ഷ സ്വീകരിക്കുന്നതായി അറിയിച്ചത്. മാപ്പ് നൽകിയെങ്കിലും ഹൈകോടതിയോടുള്ള യുദ്ധ പ്രഖ്യാപനമാണ് ബോബി ചെമ്മണ്ണൂർ നടത്തിയതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത ഒട്ടേറെ തടവുകാർ ജയിലിലുണ്ട്. അവർക്കുള്ള ഐക്യദാർഢ്യം കൂടിയാണിതെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരെയും ജയിൽ അധികൃതരെയും അറിയിച്ചതായാണ് സൂചന.

Related Posts