നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന ബോബി ചെമ്മണ്ണൂരിനെ സ്വീകരിക്കാൻ സ്ത്രീകളടക്കമുള്ള ആരാധകരുടെ പ്രവാഹം. കാക്കനാട് ജില്ലാ ജയിലിന് മുമ്പിൽ പൂക്കളടക്കം കയ്യിലേന്തി സ്ത്രീകളടക്കമുള്ളവർ തടിച്ചുകൂടി. അക്കൂട്ടത്തിൽ ബോബി ചെമ്മണ്ണൂരിൻ്റെ സ്ഥാപനത്തിലെ ജീവനക്കാരുമുണ്ട്. കൂടാതെ മെൻസ് അസോസിയേഷൻ്റെ ഭാരവാഹികളും ബോബിയെ സ്വീകരിക്കാൻ എത്തി. ഇന്ന് രാവിലെയാണ് ഹൈക്കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരാകേണ്ട വ്യവസ്ഥയിൽ ആണ് ജാമ്യം.
ബോബി ചെമ്മണൂർ ഹണി റോസിനെതിരെ നടത്തിയ ചില പ്രയോഗങ്ങളിൽ കോടതി അതൃപ്തി അറിയിച്ചിരുന്നു. തുടർന്ന് ഈ പരാമർശങ്ങളെല്ലാം ബോബിക്കുവേണ്ടി പിൻവലിക്കുകയാണെന്ന് ഹാജരായ മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള കോടതിയെ അറിയിച്ചു. മൂന്നുവർഷം മാത്രം ജയിൽശിക്ഷ ലഭിക്കുന്ന കുറ്റമാണ് ബോബിക്കുമേൽ ചുമത്തിയിരിക്കുന്നതെന്നും അതുകൊണ്ട് ആറുദിവസമായി ജയിലിൽ തുടരുന്ന ബോബി ചെമ്മണൂരിന് ജാമ്യം അനുവദിക്കുന്നതിന് മറ്റുതടസങ്ങളില്ല എന്നും കോടതി വ്യക്തമാക്കി.