അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കി, പ്രായപൂർത്തിയാകാത്ത മകളും സുഹൃത്തുക്കളും പിടിയിൽ. ബെംഗളൂരുവിലെ സുബ്രഹ്മണ്യപുരയ്ക്കടുത്തുള്ള ഉത്തരഹള്ളിയിൽ താമസിക്കുന്ന 34 കാരിയായ നേത്രാവതിയാണ് കൊല്ലപ്പെട്ടത്. കേസിൽ മകളും 4 ആൺസുഹൃത്തുക്കളുമാണ് പൊലീസിൻ്റെ പിടിയിലായത്. പിടിയിലായ അഞ്ചുപേരും പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു.

മരിച്ച സ്ത്രീയുടെ സഹോദരി വെള്ളിയാഴ്ച ബെംഗളൂരുവിലെ സുബ്രഹ്മണ്യപുര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം വെളിയിൽ വരുന്നത്. മകളും ആൺസുഹൃത്തുമായുള്ള ബന്ധം അമ്മ വിലക്കിയിരുന്നു. ഈ വിരോധത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മയെ കെട്ടിത്തൂക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ മകൾ സുഹൃത്തുക്കൾക്കൊപ്പം രക്ഷപ്പെടുകയായിരുന്നു. തൂങ്ങിമരണമെന്നായിരുന്നു പ്രാഥമിക നിഗമനം. നേത്രാവതിയുടെ സഹോദരിക്ക് തോന്നിയ സംശയമാണ് കൊലപാതകം തെളിയിച്ചത്.

പ്രതികളെല്ലാം 16 നും 17 നും ഇടയിൽ പ്രായമുള്ള പ്രായപൂർത്തിയാകാത്തവരാണ്, എല്ലാവരും സ്കൂൾ പഠനം ഉപേക്ഷിച്ചവരാണ്. മരിച്ച സ്ത്രീ നേത്രാവതി വി നെസ്റ്റ് ലോൺ റിക്കവറി കമ്പനിയിൽ സഹായിയായി ജോലി ചെയ്തിരുന്നു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 103(1) ഉം 3(5) ഉം ചേർത്ത വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒക്ടോബർ 25 ന് രാത്രി 10.30 നും ഒക്ടോബർ 27 ന് ഉച്ചയ്ക്ക് 12 നും ഇടയിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഒക്ടോബർ 30 ന് രാത്രിയിലാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്.

Related Posts