2025 ൽ ഭാരത സമ്പദ് വ്യവസ്ഥ 6.6 ശതമാനം വളർച്ച കൈവരിക്കുമെന്നും ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി ഭാരതം വീണ്ടും മാറുമെന്ന് യുഎൻ ഗ്ലോബൽ ഇക്കണോമിക്‌സ് മോണിറ്ററിങ് മേധാവി ഹമീദ് റാഷിദ്. ഐക്യരാഷ്ട്രസഭയുടെ പ്രധാന റിപ്പോർട്ടായ വേൾഡ് ഇക്കണോമിക്‌സ് സിറ്റുവേഷൻ ആൻഡ് പ്രോസ്പെക്റ്റ്സ് 2025 പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യമേഖലയിലെ ഉപഭോഗം വർധിച്ചതും ഉയർന്ന നിക്ഷേപ വളർച്ചയുമാണ് സമ്പദ് വ്യവസ്ഥ ശക്തിപ്പെടാൻ കാരമായത്. 2026 ൽ ഭാരതത്തിൻ്റെ ജിഡിപി 6.8 ശതമാനമായി വളരുമെന്നും ഹമീദ് വ്യക്തമാക്കി. ആഗോള സാമ്പത്തിക വളർച്ച 2025ൽ 2.8 ശതമാനത്തിൽ തുടരാനാണ് സാധ്യത. 2025 ൽ ദക്ഷിണേഷ്യയുടെ വളർച്ചയെ ഭാരതമാണ് നയിക്കുക. വ്യാപാര പിരിമുറുക്കവും ജനസംഖ്യയിലുണ്ടാകുന്ന ഇടിവും വർധിച്ചുവരുന്നത് കാരണം ചൈനയുടെ വളർച്ച 2025 ൽ 4.8 ശതമാനമായി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ചില ഉത്പന്ന വിഭാഗങ്ങളിലും സേവനങ്ങളിലും പ്രത്യേകിച്ച് ഫാർമസ്യൂട്ടിക്കൽസിലും ഇലക്ട്രോണികിലുമുള്ള കയറ്റുമതി ഭാരതത്തിൻ്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് വേൾഡ് ഇക്കണോമിക് സിറ്റുവേഷൻ ആൻഡ് പ്രോസ്പെക്റ്റ്സ് 2025 റിപ്പോർട്ട് ചെയ്യുന്നു.
ശക്തമായ സ്വകാര്യ നിക്ഷേപം രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധന ചെലവ് വരും വർഷത്തിൽ രാജ്യത്തിന്‍റെ വളർച്ചയെ അനുകൂലമായി ബാധിക്കുമെന്നുമാണ് വിലയിരുത്തൽ. കാർഷിക ഉത്പാദനത്തിലും ഗണ്യമായ വളർച്ചയുണ്ടായിട്ടുണ്ട്. ആഗോളതലത്തിൽ മൊത്തത്തിലുള്ള വളർച്ചാ നിരക്ക് 2.8 ശതമാനത്തിൽ തന്നെ തുടരുകയാണ്. അതേസമയം വികസിത സമ്പദ് വ്യവസ്ഥകളുടെ വളർച്ച കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.1 ശതമാനം ഇടിഞ്ഞ് 1.6 ശതമാനമായിട്ടുണ്ട്. നിർമാണ, സേവന മേഖലകളിലെ വികാസം സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നത് തുടരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായ ചൈനയുടെ ഈ വർഷത്തെ പ്രവചനം 0.1 ശതമാനം ഇടിഞ്ഞ് 4.8 ശതമാനത്തിലെത്തി, അടുത്ത വർഷം ഇത് 0.3 ശതമാനം ഇടിഞ്ഞ് 4.5 ശതമാനത്തിലെത്തും.കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 2.8 ശതമാനത്തിൽ നിന്ന് 0.9 ശതമാനം ഇടിവ്. ഭാരതത്തിൻ്റെ ഉപഭോക്തൃ വിലക്കയറ്റം കഴിഞ്ഞ വർഷത്തെ 4.8 ശതമാനത്തിൽ നിന്ന് ഈ വർഷം 4.3 ശതമാനമായി നേരിയ തോതിൽ കുറയുമെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ച 2 മുതൽ 6 ശതമാനം വരെ പരിധിയിൽ തുടരുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു. പാകിസ്ഥാനും ശ്രീലങ്കയും സാമ്പത്തിക പ്രവർത്തനങ്ങളിൽ മിതമായ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.